AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Supreme Court: പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’, NCERT-ക്കെതിരെ സുപ്രീംകോടതി

Supreme Court slams NCERT: സുപ്രീംകോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടതോടെ നേതൃത്വം പ്രതിരോധത്തിലായി. അതുകൊണ്ട് തന്നെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ പിൻവലിച്ച് കൈയൊഴിയാനാണ് നീക്കം.

Supreme Court: പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’, NCERT-ക്കെതിരെ സുപ്രീംകോടതി
Supreme CourtImage Credit source: PTI
Nithya Vinu
Nithya Vinu | Edited By: Neethu Vijayan | Updated On: 26 Feb 2026 | 05:47 PM

ന്യൂഡൽഹി: എൻസിഇആർടിസിയുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറയുന്ന ഭാഗം ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും സ്വമേധയാ ഇടപെടാൻ തീരുമാനിച്ചതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണ്. എത്ര ഉന്നതരായാലും നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത കളങ്കപ്പെടുത്താൻ അനുവദിക്കില്ല. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തിൽ കോടതി എൻസിഇആർടിയുടെ വിശദീകരണം തേടിയേക്കും.

മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംഘ്വിയുമാണ് വിഷയം ചീഫ് ജസ്റ്റിസിന് മുന്നിൽ പരാമർശിച്ചത്. കോടതി സ്വമേധയ കേസെടുക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ, വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്വമേധയാ ഇടപെടുകയാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

പാഠപുസ്തകത്തിലെ ഉള്ളടക്കമല്ല, തിരഞ്ഞുപിടിച്ചുള്ള കൈകാര്യംചെയ്യലാണ് ആശങ്കയുണ്ടാക്കുന്നതെന്ന് സിംഘ്വി പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലോ, രാഷ്ട്രീയത്തിലോ, പൊതുജീവിതത്തിലോ ഉള്ള അഴിമതിയെക്കുറിച്ച് പറയാതെ ജുഡീഷ്യറിയെ മാത്രം തിരഞ്ഞു പിടിച്ചെന്നും സിംഘ്വി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടലിന് പിന്നാലെ എൻസിഇആർടി പാഠപുസ്തക വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടന്ന സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എൻ‌സി‌ഇ‌ആർ‌ടി എട്ടാം ക്ലാസ് പാഠപുസ്തക അധ്യായത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തി. ഇതെല്ലാം ആരാണ് നോക്കുന്നത്… ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ലെന്നും മോദി പറഞ്ഞു.

എൻസിഇആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് സമൂഹത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാ​ഗത്ത് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. അതേസമയം, വിവാദമായതോടെ ഭാഗം പിൻവലിച്ചതായും റിപ്പോർട്ടുണ്ട്. വെബ്‌സൈറ്റിൽനിന്ന് പുസ്തകം എൻ.സി.ഇ.ആർ.ടി. പിൻവലിച്ചിട്ടുണ്ട്.

ALSO READ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്! പാർട്ടി പ്രഖ്യാപിച്ച് ശശികല

പാഠപുസ്തകങ്ങളിലെ തിരുത്തലുകൾ പതിവാക്കിയിരിക്കുകയാണ് എൻസിഇആർടി. മുഗൾ കാലഘട്ടത്തെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും ഗാന്ധിജിയെയും നെഹ്‌റുവിനെയും മൗലാനാ അബുൾ കലാം ആസാദിനെയും വരെ ഇത്തരത്തിൽ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ചരിത്രപണ്ഡിതന്മാരും, അക്കാദമിക് വിദഗ്ധരും, പ്രതിപക്ഷ പാർട്ടികളും എതിർപ്പുയർത്തിയെങ്കിലും എൻസിഇആർടി വഴങ്ങിയിരുന്നില്ല.

എന്നാൽ ഇത്തവണ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സുപ്രീംകോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടതോടെ നേതൃത്വം പ്രതിരോധത്തിലായി. അതുകൊണ്ട് തന്നെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ പിൻവലിച്ച് കൈയൊഴിയാനാണ് നീക്കം.

Follow Us