TamilNadu SIR Protest: തമിഴ്‌നാട്ടിൽ എസ്.ഐ.ആർ പ്രതിഷേധം ആളിക്കത്തുന്നു; റവന്യൂ ഉദ്യോഗസ്ഥർ പണിമുടക്കിലേക്ക്
Tamil Nadu SIR drive sparks statewide protests: കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എസ്.ഐ.ആർ നടപടികൾ ദേശീയ തലത്തിൽ തന്നെ ഒരു രാഷ്ട്രീയ ചർച്ചാവിഷയമായി മാറുന്നതിൻ്റെ സൂചനയാണ് തമിഴ്നാട്ടിലെ ഈ പ്രതിഷേധം നൽകുന്നത്.
ചെന്നൈ: സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾക്കെതിരെ തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഫെഡറേഷൻ ഓഫ് റവന്യൂ അസോസിയേഷൻസ് (FERA), സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ ജാക്റ്റോ-ജിയോ (JACTO-GEO) എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ശാസ്ത്രീയമല്ലാത്ത ആസൂത്രണം, മതിയായ പരിശീലനത്തിന്റെ അഭാവം, ജീവനക്കാരുടെ കുറവ്, ഫണ്ടില്ലായ്മ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ രംഗത്തെത്തിയിരിക്കുന്നത്. നടപടികൾ ധൃതിപിടിച്ച് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ 18 മുതൽ എസ്.ഐ.ആർ ജോലികൾ ബഹിഷ്കരിക്കുമെന്ന് ഫെറ (FERA) പ്രഖ്യാപിച്ചു.
വില്ലേജ് അസിസ്റ്റൻ്റുമാർ മുതൽ തഹസിൽദാർമാർ വരെയുള്ള ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. രാത്രി വൈകിയുള്ള മീറ്റിംഗുകളും അമിത ജോലിഭാരവും സ്ഥിതിഗതികൾ വഷളാക്കിയെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.
സമരത്തിൻ്റെ പശ്ചാത്തലത്തിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ജാക്റ്റോ-ജിയോ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ശമ്പള നിയന്ത്രണം ബാധകമാകൂ എന്നും, എസ്.ഐ.ആർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന റവന്യൂ ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എസ്.ഐ.ആർ നടപടികൾ ദേശീയ തലത്തിൽ തന്നെ ഒരു രാഷ്ട്രീയ ചർച്ചാവിഷയമായി മാറുന്നതിൻ്റെ സൂചനയാണ് തമിഴ്നാട്ടിലെ ഈ പ്രതിഷേധം നൽകുന്നത്.