Uttar Pradesh: തീർത്ഥാടകർ സഞ്ചരിക്കുകയായിരുന്ന ട്രാക്ടർ ട്രോളിയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 10 മരണം, 41 പേർക്ക് പരിക്ക്
Truck Hit Tractor Trolley: ട്രാക്ടർ ട്രോളിയിലേക്ക് ട്രക്ക് ഇടിച്ചുകയറി. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 10 പേർ മരിച്ചു.

വാഹനാപകടം
തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 10 മരണം. 41 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുട്ടികളാണ്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേരും 18 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. പുലർച്ചെ 2.10 ഓടെ അർനിയ ബൈപാസിൽ, ബുലന്ദ്ഷഹർ – അലിഗഡ് അതിർത്തിയിൽ വച്ച് ട്രക്ക് ട്രാക്ടർ ട്രോളിയുടെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു എന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദിനേഷ് കുമാർ സിംഗ് പറഞ്ഞു. 61 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കേസ്ഗഞ്ജിലെ റഫ്താപൂർ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലെ ജഹാർപീറിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്നു ഇവർ. എട്ട് പേർ സംഭവസ്ഥനത്തുവച്ച് തന്നെ മരിച്ചു. 43 പേർ ആശുപത്രിയിലാണ്. ഇവരിൽ മൂന്ന് പേർ വെൻ്റിലേറ്ററിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Bihar Voter List: ബിഹാർ വോട്ടർ പട്ടികയിൽ പാകിസ്താൻ പൗരന്മാരും, അന്വേഷണത്തിന് ഉത്തരവ്
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ പിന്നീട് മരണപ്പെട്ടു. 10 യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. യാത്രക്കാരെ പല ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. അലിഗഡ് മെഡിക്കൽ കോളജ്, ബുലന്ദ്ഷഹർ ജില്ലാ ആശുപത്രി, കൈലാഷ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലൊക്കെ യാത്രക്കാരെ എത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
അപകടമുണ്ടാക്കിയ ട്രക്ക് ഹരിയാനയിൽ രജിസ്റ്റർ ചെയ്തതാണ്. ഇത് കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. മറ്റ് നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞതായും പോലീസ് പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.