Accident Death: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം
Two Female Cops Dies In Accident: പ്രതിയെ പിന്തുടരുന്നതിനിടെ അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) (image credits: social media)
ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.
ഇരുചക്ര വാഹനത്തിൽ മോഷ്ണക്കേസ് പ്രതിയെ പിന്തുടരുന്നതിനിടെ അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ചെങ്കൽപെട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവിൽ മരണവും ബൈക്കപകടത്തിൽ തന്നെ.
അതേസമയം തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാൻ പോയ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗർ എൽ.എൻ. ആർ.എ. 51-ൽ ഷാനിദ എസ്.എൻ.(36) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11-ഓടെ പാറ്റൂർ-ജനറൽ ആശുപത്രി റോഡിലായിരുന്നു അപകടം. ഷാനിദ് ഓടിച്ചിരുന്ന സ്‌കൂട്ടർ, റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോൾ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം. എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. വഞ്ചിയൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്നുള്ള രഹസ്യ പരാതികൾ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം.