Udaipur Rekha Galbelia: 55-ാമത്തെ വയസ്സിൽ 17-ാമത്തെ കുഞ്ഞ്; ദാരിദ്ര്യം മൂലം ജീവിതം ദുസ്സഹമെന്ന് ഭർത്താവ്
Rekha Galbelia In Udaipur: കൂലിപ്പണി ചെയ്താണ് അവരുടെ നിത്യജീവിതം മുന്നോട്ട് പോകുന്നത്. കുട്ടികൾക്ക് ശരിയായ രീതിയിൽ വിദ്യാഭ്യാസം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രധാനമന്ത്രിയുടെ ആവാസ് പദ്ധതി പ്രകാരം ഇവർക്ക് വീട് അനുവദിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
ജയ്പൂർ: ഉദയ്പൂരിൽ 55ാമത്തെ വയസ്സിൽ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകി ഒരു സ്ത്രീ. രേഖ ഗാൽബെലിയ എന്ന സ്ത്രീയാണ് തന്റെ 17-ാമത്തെ കുഞ്ഞിന് കഴിഞ്ഞ ദിവസം ജന്മം നൽകിയത്. ഇതിന് മുമ്പ് നാല് ആൺമക്കളും ഒരു മകളും ജനിച്ചയുടൻ തന്നെ മരിച്ചിരുന്നു. മറ്റ് കുട്ടികളിൽ അഞ്ച് പേർ വിവാഹിതരാണ്. അതേസമയം കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.
കാവ്ര കൽബെലിയയാണ് രേഖയുടെ ഭർത്താവ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നാണ് അദ്ദഹവും പറയുന്നത്. സ്വന്തമായി ഒരു വീടുപോലും തങ്ങൾക്കില്ലെന്നാണ് ഇയാൾ പറയുന്നത്. അതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഇവർ കുട്ടികളെ വളർത്താൻ പണമിടപാടുകാരിൽ നിന്ന് 20 ശതമാനം പലിശയ്ക്ക് പണം കടം വാങ്ങി. ലക്ഷക്കണക്കിന് രൂപയാണ് അവർക്ക് തിരിച്ച് അടച്ചത്. എന്നിട്ടും പലിശ ഇപ്പോഴും പൂർണ്ണമായും അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂലിപ്പണി ചെയ്താണ് അവരുടെ നിത്യജീവിതം മുന്നോട്ട് പോകുന്നത്. കുട്ടികൾക്ക് ശരിയായ രീതിയിൽ വിദ്യാഭ്യാസം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രധാനമന്ത്രിയുടെ ആവാസ് പദ്ധതി പ്രകാരം ഇവർക്ക് വീട് അനുവദിച്ചിരുന്നു. എന്നാൽ താമസിക്കുന്ന ഭൂമി ഇവരുടെ പേരിലല്ലാത്തതിനാൽ വീട് നൽകാൻ സാധിച്ചില്ല. ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം നിലവിൽ.
പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുടുംബം ഇത് നാലാമത്തെ പ്രസവമാണെന്നാണ് വെളിപ്പെടുത്തിയതെന്ന് ജാഡോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഗൈനക്കോളജിസ്റ്റായ റോഷൻ ദരംഗി പറഞ്ഞു. പിന്നീടാണ്, ഇത് അവരുടെ 17-ാമത്തെ കുട്ടിയാണെന്ന് വെളിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.