X Obscene Content: അശ്ലീല ഉള്ളടക്കം: എക്സിന് കേന്ദ്രത്തിൻ്റെ നോട്ടീസ്, 72 മണിക്കൂറിനകം നടപടിയെടുക്കണം
Elon Musk's X Obscene Content: എഐ ദുരുപയോഗത്തിനെതിരെ രാജ്യത്ത് വ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ നീക്കം. നോട്ടീസിൽ എഴുപത്തിരണ്ട് മണിക്കൂറിനകം നടപടിയെടുക്കണമെന്നും മറുപടി നൽകണമെന്നുമാണ് നിർദ്ദേശം.

Elon Musk, X
ന്യൂഡൽഹി: സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം (IT ministry Notice To X). വിവാദ എഐ ഇമേജ് എഡിറ്റുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങൾ എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കുപയോഗിച്ച് മോശമായി എഡിറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ലൈംഗീക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അതിനെതിരെ എക്സ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതും കേന്ദ്രത്തിന് നോട്ടീസയക്കാൻ കാരണമായിട്ടുണ്ട്. എഐ ദുരുപയോഗത്തിനെതിരെ രാജ്യത്ത് വ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ നീക്കം. നോട്ടീസിൽ എഴുപത്തിരണ്ട് മണിക്കൂറിനകം നടപടിയെടുക്കണമെന്നും മറുപടി നൽകണമെന്നുമാണ് നിർദ്ദേശം.
ALSO READ: പുലി പേടിയിൽ ഗ്രാമം, കന്നുകാലികളെ കൊന്നൊടുക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി
2000 ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ കാര്യങ്ങൾ പാലിക്കുന്നതിൽ സമൂഹ മാധ്യമം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം എക്സിന് നോട്ടീസ് അയച്ചത്. സ്ത്രീകളെ ലക്ഷ്യം വച്ചുള്ള അശ്ലീലവും ലൈംഗികതയും പ്രകടമാക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിലും അത് പങ്കിടുന്നതിലും എക്‌സിന്റെ ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഭാവിയിൽ നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് തടയുന്നതിനായി ഗ്രോക്കിന്റെ സാങ്കേതിക, ഭരണ ചട്ടക്കൂടുകളുടെ സമഗ്രമായ അവലോകനം നടത്തണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള കുറ്റകരമായ ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.