Donald Tump’s Tariff: അധിക തീരുവ ഇന്ന് മുതൽ, ട്രംപിന്റെ ഫോൺ കോളുകൾ നിരസിച്ച് പ്രധാനമന്ത്രി
Trump Tariff on India: അധിക തീരുവ സംബന്ധിച്ച് കഴിഞ്ഞ ദിവസം യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം കരടുവിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു.
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12:01ന് (ഇന്ത്യന്‍സമയം പകല്‍ ഒമ്പത്) ആണ് അധിക തീരുവ പ്രാബല്യത്തിൽ വരിക. നിലവിലെ 25 ശതമാനത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമായി ഉയരും.
അധിക തീരുവ സംബന്ധിച്ച് കഴിഞ്ഞ ദിവസം യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം കരടുവിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്‌സർലൻഡ്- 39%, കാനഡ – 35 %, ചൈന, ദക്ഷിണാഫ്രിക്ക – 30 % എന്നിവയാണ് ഉയർന്ന തീരുവ ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾ.
അതേസമയം, ട്രംപിന്റെ കോളുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചതായി റിപ്പോർട്ട്. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ അൽഗെമെയ്ൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് തവണ ട്രംപ് വിളിച്ചെങ്കിലും മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് വിവരം. അമേരിക്കയുടെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്നും, ചൈനയുമായി ഇന്ത്യ ബന്ധം ശക്തമാക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ALSO READ: താരിഫ് വന്നാല്‍ ചെരുപ്പ് പോലും ‘താങ്ങില്ല’; രക്ഷാ പാക്കേജില്‍ അഭയം തേടാന്‍ ഇന്ത്യ
യുഎസ്- ഇന്ത്യ
അധിക തീരുവ സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുമെന്നും പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 2024-25-ല്‍ 1,31,800 ഡോളറിന്റെ (11.54 ലക്ഷംകോടി രൂപ) ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. 2024-ലെ കണക്കനുസരിച്ച് യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4800 കോടി ഡോളറിലധികമാണ് (4.20 ലക്ഷംകോടി രൂപ).
അധിക തീരുവ ബാധിക്കുന്നവ
തുന്നിയ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകൽ ഉൽപന്നങ്ങൾ, ചെരിപ്പ്, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെ തീരുവ വര്‍ധന ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റിവിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ കയറ്റുമതിയുടെ 66 ശതമാനവും ഈ മേഖലകളില്‍ നിന്നാണ്. എന്നാൽ മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ അധിക തീരുവ ബാധിച്ചേക്കില്ല.
ഒഴിവാക്കപ്പെടുന്നവ
ബുധനാഴ്ച അര്‍ധരാത്രി 12.01-ന് മുമ്പ് യുഎസ് വിപണിയിലെത്തുന്നതിനായി ക്ലിയറന്‍സ് ലഭിച്ചതോ സംഭരണശാലകളില്‍നിന്ന് വിപണികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതോ ആയ ഇന്ത്യന്‍ ചരക്കുകൾ, ഇന്ത്യയില്‍ നിന്ന് കപ്പലില്‍ കയറ്റിയതോ അല്ലെങ്കില്‍ യുഎസിലേക്ക് പുറപ്പെട്ടിരിക്കുന്നതോ ആയ ചരക്കുകൾ എന്നിവയെ അധിക തീരുവയിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇളവ് കിട്ടാനായി ട്രാന്‍സ്ഷിപ്പ്‌മെന്റ് വിവരങ്ങള്‍ യുഎസ് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തേണ്ടത് ഉണ്ട്.