Uttar Pradesh: അതിജീവിതയെ വിവാഹം കഴിയ്ക്കണമെന്ന കർശന ഉപാധി; പീഡനം, നഗ്നചിത്രം പ്രചരിപ്പിക്കൽ കേസുകളിലെ പ്രതിയ്ക്ക് ജാമ്യം
Bail For Assault Accused: ഉത്തർപ്രദേശിൽ അതിജീവിതയെ വിവാഹം കഴിയ്ക്കണമെന്ന കർശന ഉപാധിയിൽ പീഡനക്കേസ് പ്രതിയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് മൂന്ന് മാസത്തിനുള്ളിൽ അതിജീവിതയെ വിവാഹം കഴിക്കണമെന്ന ഉപാധിയിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്.
അതിജീവിതയെ വിവാഹം കഴിയ്ക്കണമെന്ന കർശന ഉപാധിയിൽ പീഡനക്കേസ് പ്രതിയ്ക്ക് ജാമ്യം. ഉത്തർ പ്രദേശിലെ അലഹബാദ് ഹൈക്കോടതിയാണ് അതിജീവിതയെ വിവാഹം കഴിയ്ക്കണമെന്ന കർശന ഉപാധിയിൽ പീഡനം, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കൽ, പണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളിലെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി മൂന്ന് മാസത്തിലുള്ളിൽ അതിജീവിതയായ 23കാരിയെ വിവാഹം കഴിക്കണമെന്നതാണ് ഉപാധി.
കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. പോലീസ് തിരഞ്ഞെടുപ്പിനായുള്ള പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വച്ചാണ് യുവതിയെ 26 വയസുകാരനായ പ്രതി നരേഷ് മീണ പരിചയപ്പെടുന്നത്. തുടർന്ന് ഉത്തർ പ്രദേശ് പോലീസിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഒൻപത് ലക്ഷം രൂപ വാങ്ങിയാണ് ഇയാൾ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം നൽകിയത്. പീഡനത്തിനിടെ ഇയാൾ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയത്. നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് പ്രതി നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
യുവതി പീഡനത്തിനിരയായെന്ന കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് സെപ്തംബർ 21ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും ഐടി ആക്ടും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ആഗ്രയിലെ ഖൻഡൗലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ ആഗ്ര സെഷൻസ് കോടതിയിൽ പ്രതി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് പ്രതി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.




പ്രതിയ്ക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിൽ അഭിഭാഷകൻ വാദിച്ചു. എഫ്ഐആർ ഫയൽ ചെയ്യാൻ നാല് മാസത്തെ സാവകാശമുണ്ടായെന്നും പ്രതി വാദിച്ചു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിധി. സത്യസന്ധനായ ഒരു വ്യക്തി എന്ന നിലയിൽ, അതിജീവിതയെ വിവാഹം കഴിച്ച് ഭാര്യ എന്ന നിലയിൽ പരിപാലിക്കാൻ പ്രതി തയ്യാറാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതുകൊണ്ട് തന്നെ ജാമ്യം ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ യുവതിയെ പ്രതി നിർബന്ധമായും വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വിധിച്ചു.