Accident: കാർ 30 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; ജിപിഎസ് തകരാറെന്ന് നാട്ടുകാർ
Noida Accident: സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ യുവാവിന് ദാരുണാന്ത്യം. കാർ മുപ്പത് അടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ജിപിഎസ് വഴിതെറ്റിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു.

ഉത്തർപ്രദേശ്: കാർ അഴുക്കുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഡൽഹി മണ്ഡാവലി സ്വദേശിയും റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററുമായ ഭരത് സിംഗ് (31) ആണ് മരിച്ചത്. മാർച്ച് ഒന്നാം തീയതി ഗ്രേറ്റർ നോയിഡയിലെ സെക്ടർ പി 4-ൽ വച്ചായിരുന്നു അപകടം. സുഹൃത്തിൻ്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകവെ ഭരതിന്റെ കാർ 30 അടി താഴ്ചയുള്ള അഴുക്കുചാലിൽ വീഴുകയായിരുന്നു.
ജിപിഎസ് വഴി തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാരുടെ വാദം സ്ഥിരീകരിക്കാനാവില്ലെന്നാണ് പോലീസ് നിലപാട്. ഭരതിന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നത് വരെ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചക്കഴിഞ്ഞ മൂന്നരയോടെയാണ് കേന്ദ്രീയ വിഹാറിനടുത്ത് ഒരു കാർ അഴുക്കുചാലിൽ വീണ് കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഭരത് സിംഗ് റാണി റാംപൂരിനടുത്ത് വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോഴായിരുന്നു അപകടം.
ALSO READ: 14.8 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; നടി രന്യ റാവു അറസ്റ്റിൽ
റോഡിൽ മറ്റ് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലായിരുന്നുവെന്നും അതുകൊണ്ടാവാം കാർ നിയന്ത്രണം വിട്ട് അഴുക്കുചാലിൽ വീണതെന്നും പൊലീസ് പറഞ്ഞു. ക്രെയിനിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും ജിപിഎസിന്റെ തകരാറുകളും ഇത്തരത്തിലുള്ള അപകടത്തിന് കാരണമാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡ് അവസാനിക്കുന്നിടത്തും അഴുക്കുചാലിനടുത്തും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം അപകടമുണ്ടാക്കി, ഇത് പലപ്പോഴും നാവിഗേഷൻ ആപ്പുകളെ ആശ്രയിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 37 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം
മഹാരാഷ്ട്രയിൽ എംഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് ലാത്തൂർ – നന്ദേദ് ഹൈവേയ്ക്ക് സമീപമാണ് സംഭവം. ബസിന് കുറുകേവന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 37 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ ലാത്തൂരിലെ വിലാസ്റാവു ദേശ്മുഖ് ഗവൺമെന്റ് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.43ഓടെ ചാക്കൂരിലെ നന്ദ്ഗാവ് പതിക്ക് സമീപമായിരുന്നു സംഭവം. അഹമ്മദ്പൂർ ഡിപ്പോയുടെ കീഴിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് കുറുകെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.