UP Bareilly Clashes: ‘ഐ ലവ് മുഹമ്മദ്’; യുപി ബറേലിയിലെ സംഘർഷം, ഇതുവരെ പിടിയിലായത് 50 പേർ
UP Bareilly Tensions: ബറേലിയിലെ വിവിധ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലൂടെ 500-ലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ബറേലിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ ആറ് കേസുകളാണ് സംഭവത്തിന് പിന്നാലെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലഖ്നൗ: ‘ഐ ലവ് മുഹമ്മദ്’ കാമ്പയിനെതിരെ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക്. ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയടക്കം 50 പേരെ യുപി ബറേലിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ വെടിയുതിർത്തെന്നും, 10 പോലീസുകാർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സംഘർഷത്തിന് കാരണക്കാരായവർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഒഴിവാക്കുന്നതിനായി സോഷ്യൽ മീഡിയ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഘർഷം രൂക്ഷമായത്.
Also Read: വിവാഹിതയാകുന്നതോടെ ഹിന്ദു സ്ത്രീകളുടെ ‘ഗോത്ര’വും മാറുന്നു; സ്വത്തവകാശം ഭര്‍ത്താവിന്റെ കുടുംബത്തിന്
വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികളോട് സംഘടിക്കാൻ ബറേലിയിലെ ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായതെന്നാണ് യുപി പോലീസ് പറയുന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുവെന്നാരോപിച്ചാണ് ഇവർ സംഘടിച്ചത്. പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടും ആളുകൾ സംഘടിച്ചുവെന്നാണ് ആരോപണം.
പ്രതിഷേധക്കാർ പോലീസിന് നേരെ വെടിയുതിർത്തെന്നും, കല്ലും ചെരിപ്പും എറിഞ്ഞെന്നും തുടർന്നാണ് നടപടി തുടങ്ങിയതെന്നും പോലീസ് പറയുന്നു. അതേസമയം, ബറേലിയിലെ വിവിധ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലൂടെ 500-ലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ പോലീസ് വീടുതോറും പരിശോധനകളും നടത്തി.
ബറേലിയിലെ സ്ഥിതി സാധാരണ നിലയിലാണെന്നും സ്കൂളുകൾ, കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ബറേലി ജില്ലാ മജിസ്ട്രേറ്റ് അവ്‌നിഷ് സിംഗ് പറയുന്നത്. ബറേലിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ ആറ് കേസുകളാണ് സംഭവത്തിന് പിന്നാലെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.