Train Ticket Scam: ടിടിഇ ചമഞ്ഞ് പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയിൽ
Train Ticket Scam: വിദ്യാഭ്യാസം കുറഞ്ഞവരെയും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനറൽ കോച്ച് ടിക്കറ്റുകൾ ബൾക്കായി വാങ്ങിയാണ് പ്രതി ദീർഘദൂര ട്രെയിനുകളിൽ കയറിയിരുന്നത്.
ആഗ്ര: ടിടിഇ ചമഞ്ഞ് പണം തട്ടിയ കുപ്പിവെള്ള വിൽപ്പനക്കാരൻ അറസ്റ്റിൽ. സഹറൻപൂർ സ്വദേശിയായ ദേവേന്ദ്ര കുമാർ എന്ന നാല്പത്കാരനാണ് പിടിയിലായത്. ട്രെയിനുകളിൽ മുമ്പ് കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്ന ഇയാൾ ടിടിഇ ചമഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് പണം പിരിക്കുകയായിരുന്നു.
അലിഗഡ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസാണ് ദേവേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തത്. ടിടിഇമാരെ പോലെ കോട്ടും മറ്റും ധരിച്ച് ടിക്കറ്റ് പരിശോധിച്ചിരുന്ന ഇയാൾ പ്രതിദിനം പതിനായിരം രൂപ വരെ പിരിച്ചിരുന്നതായി പൊലീസ് പറയുന്നു. ഗോമ്തി എക്സ്പ്രസിൽ ഇത്തരത്തിൽ പരിശോധന നടത്തുന്നതിന് ഇടയിലാണ് ദേവേന്ദ്ര പൊലീസിന്റെ പിടിയിലാവുന്നത്.
ഇയാളിൽ നിന്ന് നിരവധി ടിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവരെയും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനറൽ കോച്ച് ടിക്കറ്റുകൾ ബൾക്കായി വാങ്ങിയാണ് പ്രതി ദീർഘദൂര ട്രെയിനുകളിൽ കയറിയിരുന്നത്. ടിടിഇയായി ചമഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടർന്ന് കൈയിലുള്ള ജനറൽ ടിക്കറ്റ് വലിയ തുക ഈടാക്കി നൽകും, ഇത്തരത്തിലായിരുന്നു തട്ടിപ്പ്.
ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന ട്രെയിനുകളിൽ കുപ്പിവെള്ള വില്‍പ്പ നടത്തിയിരുന്നതായും എന്നാൽ ഒരു വർഷം മുമ്പ് കരാർ അവസാനിച്ചതായും ഇയാൾ പറഞ്ഞു. അതോടെയാണ് പണം സമ്പാദിക്കാനായി ഈ മാർഗം തിരഞ്ഞെടുത്തതെന്നും ദേവേന്ദ്ര കുമാർ പൊലീസിനോട് പറഞ്ഞു.