Vice President Election 2025: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എങ്ങനെ? ആര്‍ക്കൊക്കെ വോട്ട് ചെയ്യാം? നടപടിക്രമങ്ങള്‍ ഇങ്ങനെ
Vice President Election 2025 CP Radhakrishnan vs Sudershan Reddy: വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വൈകുന്നേരം 6 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബിആർഎസും ബിജെഡിയും തീരുമാനിച്ചിട്ടുണ്ട്

സുദർശൻ റെഡ്ഡി, സി.പി.രാധാകൃഷ്ണൻ
ന്യൂഡല്‍ഹി: ജഗദീപ് ധന്‍കറിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. എന്‍ഡിഎയുടെ സിപി രാധാകൃഷ്ണനും, ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളും പാര്‍ട്ടികളും നിര്‍ണായക യോഗങ്ങള്‍ ചേരുകയാണ്. എംപിമാര്‍ക്ക് വോട്ടിങ് പരിശീലനം നല്‍കുന്നതിന്റെ തിരക്കിലാണ് മുന്നണികള്‍. ജഗദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചതാണ് വീണ്ടുമൊരു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ട് ചെയ്യാം. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുകളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറുകളില്‍ രണ്ട് കോളങ്ങളുണ്ടാകും. ആദ്യ കോളത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും, രണ്ടാമത്തേതില്‍ മുന്‍ഗണനാക്രമവും നല്‍കും. ഓരോ വോട്ടറും മുന്‍ഗണനാ ക്രമത്തില്‍ (1, 2…എന്ന രീതിയില്‍) ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തണം.
സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിന്റെ ഭാഗമല്ലെന്നാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള വ്യത്യാസം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാർ മാത്രമേ പങ്കെടുക്കുന്നുള്ളൂ. ഓരോ വോട്ടിന്റെയും മൂല്യം ഒന്ന് രീതിയിലാണ് കണക്കാക്കുന്നത്.
വിജയിയെ എങ്ങനെ കണ്ടെത്തും?
സാധുവായ വോട്ടിന്റെ പകുതിയിലധികം നേടിയ സ്ഥാനാര്‍ത്ഥികളെ വിജയിയായി പ്രഖ്യാപിക്കും. ഇത്തവണ ആകെ വോട്ട് 781 (ലോക്‌സഭ 543, രാജ്യസഭ 239) ആണ്. അതായത് 391 വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും.
Also Read: Vice president election: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ: അറിഞ്ഞിരിക്കേണ്ട ഈ 5 കാര്യങ്ങൾ
എന്നാല്‍ ആദ്യ റൗണ്ട് വോട്ടെണ്ണലിന് ശേഷം ഒരു സ്ഥാനാര്‍ത്ഥിക്കും മതിയായ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കും. ഇത്തവണ ഒരു സ്ഥാനാര്‍ത്ഥിക്കും 391 വോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ മാത്രമാണ് ഈ സാഹചര്യത്തിലേക്ക് വോട്ടിങ് കടക്കുകയുള്ളൂ. നിലവില്‍ ഇതിന് സാധ്യത കുറവാണ്.
വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വൈകുന്നേരം 6 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബിആർഎസും ബിജെഡിയും തീരുമാനിച്ചിട്ടുണ്ട്.