Waqf Amendment Act: വഖഫ് നിയമത്തിനെതിരായ ഹർജികളിൽ പുതിയ ചീഫ് ജസ്റ്റിസ് വിധി പറയും; ഇടക്കാല വിധി ഇല്ലെന്ന് സുപ്രീം കോടതി
Waqf Act Appeal: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ പുതിയ ബെഞ്ച് വിധി പറയും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന അടുത്ത വാദം കേൾക്കൽ ഈ മാസം 15ലേക്ക് മാറ്റി. 13ന് സഞ്ജീവ് ഖന്ന വിരമിക്കും.

സുപ്രീം കോടതി
വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ പുതിയ ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വിധി പറയും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഹർജിയിലെ അടുത്ത ഹിയറിങ് മെയ് 15ലേക്ക് മാറ്റി. മെയ് 13നാണ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്നത്. ഹർജികളിൽ ഇടക്കാല വിധി പറയുന്നില്ലെന്നും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.
വളരെ ഗൗരവമുള്ള ഒരു വിഷയമാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഹർജികളിൽ ചില ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. അതൊക്കെ പരിഗണിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ ആഴത്തിലുള്ള പരിശോധന ഉണ്ടാവണം. അതുകൊണ്ട് ഇടക്കാല വിധി പറയുന്നില്ല. ഇതിൻ്റെ വാദം പൂർണമായി എത്രയും വേഗം തന്നെ കേൾക്കേണ്ടതുണ്ട്. അത് എനിക്ക് മുന്നിൽ ആവില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്ന് ചീഫ് ജസ്റ്റിൽ വാദം കേൾക്കൽ ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് ഗവായ്ക്ക് വിഷയം പഠിക്കാൻ കുറച്ച് സമയം നൽകണമെന്നും അതുകൊണ്ടാണ് വാദം കേൾക്കൽ 15ലേക്ക് മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നാണ് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിൻ്റെ വാദം. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. 2013ന് ശേഷം സെൻട്രൽ പോർട്ടലിൽ അപ്ലോഡ് ചെയ്ത വഖഫ് സ്വത്തുക്കളുടെ പട്ടികയിൽ ഞെട്ടിക്കുന്ന വർധനയുണ്ടെന്നാണ് ബോർഡ് പറയുന്നത്. പെരുപ്പിച്ച കണക്കാണ് കേന്ദ്രം ഫയൽ ചെയ്തതെന്നും ബോർഡ് ആരോപിച്ചു.
കഴിഞ്ഞ മാസം ഹർജികൾ പരിഗണിച്ച കോടതി വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയവും അനുവദിച്ചു. ഇതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. വഖഫ് സങ്കല്പത്തെപ്പറ്റി പ്രാഥമികമായ ധാരണയില്ലാതെയാണ് സത്യവാങ്മൂലം ഫയൽ ചെയ്തതെന്ന് സമസ്ത ആരോപിച്ചു.