West Bengal: അർദ്ധരാത്രി വാർത്ത സമ്മേളനം, പരസ്പരം പോരാടി ബി.ജെ.പിയും തൃണമൂലും; ബംഗാളിൽ നാടകീയ രംഗങ്ങൾ
West Bengal Assembly Election: രാത്രി ബിജെപി തൃണമൂൽ കോൺഗ്രസിന്റെ വാഹനം തടഞ്ഞു. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും വോട്ടെണ്ണൽ വരെ സ്ട്രോങ്ങ് റൂമുകളിൽ കാവൽ നിൽക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ഫലം അറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബംഗാളിൽ നാടകീയ രംഗങ്ങൾ തുടരുന്നു. ഇന്നലെ രാത്രി ബിജെപി തൃണമൂൽ കോൺഗ്രസിന്റെ വാഹനം തടഞ്ഞു. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും വോട്ടെണ്ണൽ വരെ സ്ട്രോങ്ങ് റൂമുകളിൽ കാവൽ നിൽക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അതേസമയം, ബിജെപിക്കെതിരെ ശക്തമായ ആരോപണമാണ് തൃണമൂൽ ഉയർത്തുന്നത്. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ അനുവാദമില്ലാതെ തുറന്നുവെന്നും അതിൽ കൃത്രിമം കാണിച്ചുവെന്നും ആരോപിച്ച് തൃണമൂൽ രംഗത്തെത്തി. പ്രവർത്തകർ ഭവാനിപൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ സംഘടിക്കുകയും മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
എന്നാൽ തൃണമൂലിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് നടന്നതെന്നും ഇത് എല്ലാവരെയും നേരത്തെ അറിയിച്ചതാണെന്നും അർദ്ധരാത്രി വാർത്ത സമ്മേളനം വിളിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ അറിയിച്ചു. ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ല. മമത ബാനർജി കൊൽക്കത്ത നോർത്തില മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ച സ്ഥലത്ത് പോകാൻ പാടില്ല. അവർ അവിടെ സ്ഥാനാർത്ഥിയല്ല. ചട്ടം ലംഘിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും കമ്മിഷൻ വ്യക്തമാക്കി.




തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ മമത
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ വിമർശനങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നുവെന്നും മമത പറഞ്ഞു. തന്നെ കേന്ദ്രസേന തടഞ്ഞു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും. എക്സിറ്റ് പോളിനെ പരിഹസിക്കുകയും ചെയ്തു. നേരത്തെ നടത്തിയ പ്രവചനങ്ങൾ എന്തായി എന്ന് മമത ചോദിച്ചു. ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററിൽ എത്തിയപ്പോഴാണ് മമത ബാനർജി മാധ്യമങ്ങളോട് സംസാരിച്ചത്.
എക്സിറ്റ് പോൾ ഫലം
പശ്ചിമ ബംഗാളിൽ ഇത്തവണ ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ആറിലധികം ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി വിജയിക്കുമെന്ന് ഉറപ്പിച്ചപ്പോൾ ഒരു ഏജൻസി മാത്രമാണ് തൃണമൂൽ കോൺഗ്രസിന് സാധ്യത പറഞ്ഞത്.
എന്നാൽ പ്രവചനങ്ങളെയെല്ലാം മമത ബാനർജി തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബംഗാളിലെ എക്സിറ്റ് പോളുകളിൽ മിക്കതും പാളിയത് ചൂണ്ടിക്കാട്ടിയാണ് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 221 സീറ്റുകൾ നേടി നാലാം പ്രാവശ്യവും അധികാരത്തിൽ വരുമെന്ന് മമത ബാനർജി പറഞ്ഞു. എക്സിറ്റ് പോളുകൾ ബിജെപി ഗൂഢാലോചന ആണെന്നും 24 മണിക്കൂറും പ്രവർത്തകർ വോട്ടിംഗ് കേന്ദ്രങ്ങളിൽ അടക്കം ജാഗ്രത പാലിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക് അമ്പത് സീറ്റുകൾ പോലും ലഭിക്കില്ലെന്നും മെയ് നാല് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും തൃണമൂൽ നേതൃത്വം വ്യക്തമാക്കി. ബിജെപി 150 – 160 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം. തൃണമൂൽ കോൺഗ്രസിന് 130 – 140 വരെ സീറ്റുകൾ ലഭിച്ചേക്കും. മറ്റ് പാർട്ടികൾ ആറ് മുതൽ പത്ത് വരെയുള്ള സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനങ്ങൾ. സംസ്ഥാനത്ത് ആകെ 294 നിയമസഭ സീറ്റുകളാണ് ഉള്ളത്. രണ്ട് ഘട്ടമായതാണ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്നത്. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 4ന് ഫലം പ്രഖ്യാപിക്കും.
English Summary:
Trinamool Congress alleged that ballot boxes were opened without presence of authorised party representatives in strongroom and accusing BJP, Election Commission of involvement. TMC leaders protests outside the counting centre, demanding transparency and security of the ballot boxes.