Crime News: യുവാവിനെ കൊന്ന് ശരീരം ഓടയിലിട്ടു; ഒരു വർഷത്തിന് ശേഷം ഭാര്യയും കാമുകനും പിടിയിൽ
Husbands Murder Woman And Boyfriend Arrest: യുവാവിനെ കൊലപ്പെടുത്തി ശരീരം ഓടയിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും പിടിയിൽ. ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് അറസ്റ്റുണ്ടാവുന്നത്.

പ്രതീകാത്മക ചിത്രം
യുവാവിനെ കൊന്ന് ശരീരം ഓടയിലിട്ട ഭാര്യയും ഭാര്യയുടെ കാമുകനും പിടിയിൽ. ഹരിയാനയിലെ സോണിപത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നാമത്തെയാൾ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രീതം പ്രകാശ് എന്ന 42 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഡൽഹി ആലിപൂർ സ്വദേശിനിയായ ഭാര്യ സോണിയ (34), സോണിപത് സ്വദേശിയായ കാമുകൻ രോഹിത് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി വിജയ് ആണ് ഒളിവിലുള്ളത്. പ്രീതം പ്രകാശ് നിരവധി കേസുകളിൽ പ്രതിയാണ്. ആയുധം ഉപയോഗിച്ചതിനും മയക്കുമരുന്ന് വിതരണം ചെയ്തതിനും ഉൾപ്പെടെ ഇയാൾക്കെതിരെ 10ലധികം കേസുകളാണ് ഉള്ളത്. കോടതി ഇയാളെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
“2024 ജൂലായ് അഞ്ചിന് സഹോദരിയുടെ വീട്ടിലായിരുന്ന സോണിയയെ വിളിക്കാൻ വന്ന പ്രീതം ഭാര്യയുമായി തർക്കിച്ച് തിരികെ പോയി. അന്ന്, സഹോദരിയുടെ സഹോദരഭർത്താവ് വിജയ്‌യോട് പ്രീതത്തെ കൊലപ്പെടുത്തിയാൽ 50,000 രൂപ നൽകാമെന്ന് സോണിയ വാഗ്ദാനം നൽകി. പിന്നീട് പ്രിതം തിരികെവന്ന് മാപ്പ് പറഞ്ഞപ്പോൾ സോണിയ അയാളെ വീട്ടിൽ നിൽക്കാൻ അനുവദിച്ചു. അന്ന് രാത്രി പ്രീതം ടെറസിൽ കിടന്നുറങ്ങുമ്പോൾ വിജയ് ഇയാളെ കൊന്ന് മൃതദേഹം അടുത്തുള്ള ഓടയിൽ തള്ളുകയായിരുന്നു.” ഡെപ്യൂട്ടി കമ്മീഷണർ ഹർഷ് ഇന്ദോറ പറഞ്ഞു.
ജൂലായ് 20ന് സോണിയ ഭർത്താവിനെ കാണാനില്ലെന്ന് പോലീസിൽ പരാതിനൽകി. ഈ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പ്രീതമിൻ്റെ മൊബൈൽ നമ്പർ ഏതാണ്ട് ഒരു വർഷത്തിന് ശേഷം ആക്ടീവ് ആയതായി കണ്ടെത്തി. ഇത് രോഹിത് ആണ് ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. രോഹിത് ആണ് പോലീസിനോട് കുറ്റം ഏറ്റുപറയുന്നത്. സോണിയയുമായി പ്രണയത്തിലായിരുന്നു എന്നും പ്രീതത്തെ കൊല്ലാൻ തീരുമാനിച്ചിരുന്നു എന്നും വിജയ്ക്ക് സോണിയ പണം നൽകിയെന്നും ഇയാൾ പറഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ്.
ഇതിനിടെ ഹരിയാന പോലീസ് തിരിച്ചറിയാത്ത ഒരു ജഡം കണ്ടെത്തിയിരുന്നു. സോണിയയെയും വിജയ്‌യെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡിഎൻഎ പരിശോധന നടത്തി ജഡം പ്രീതത്തിൻ്റേതാണെന്ന് ഉറപ്പിച്ചു.