AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swadeshi: ട്രംപിന്റെ ഭീഷണി നടക്കില്ല ; ‘സ്വദേശി’ മുന്നേറ്റം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Narendra Modi On Donald Trump's Tariff Threat: ഇന്ന് ലോക സമ്പദ്‌വ്യവസ്ഥ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുകയാണ്. അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഓരോ രാജ്യവും സ്വന്തം താത്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Swadeshi: ട്രംപിന്റെ ഭീഷണി നടക്കില്ല ; ‘സ്വദേശി’ മുന്നേറ്റം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
നരേന്ദ്ര മോദി Image Credit source: PTI
shiji-mk
Shiji M K | Published: 03 Aug 2025 08:24 AM

ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയ താരിഫിനും പിഴയ്ക്കും തക്കതായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുകയാണെന്നും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അതിന്റെ സാമ്പത്തിക മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓരോ പൗരനും സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ദൃഢനിശ്ചയം എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോക സമ്പദ്‌വ്യവസ്ഥ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുകയാണ്. അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഓരോ രാജ്യവും സ്വന്തം താത്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദവ്യവസ്ഥയായി മാറാന്‍ പോകുന്നു.

അതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ കര്‍ഷകര്‍, നമ്മുടെ വ്യവസായങ്ങള്‍, നമ്മുടെ യുവാക്കള്‍ക്കുള്ള തൊഴില്‍, അവരുടെ താത്പര്യങ്ങള്‍ ഇവയെല്ലാം നമുക്ക് പ്രധാനമാണ്. ഈ ദിശയില്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ നമുക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. ഇത് മോദി മാത്രമല്ല എല്ലാവരും പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമാണ്. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ഏതൊരു നേതാവും രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി സംസാരിക്കുകയും സ്വദേശി വാങ്ങാന്‍ ദൃഢനിശ്ചയം എടുക്കുകയും വേണം.

Also Read: India-US Trade Deal: ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യയില്‍ നിന്നും ഊര്‍ജവും ആയുധങ്ങളും വാങ്ങിയാല്‍ പിഴ

നമ്മള്‍ എന്തെങ്കിലും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഒരു മാനദണ്ഡം മാത്രമേ ഉണ്ടാകൂ. ഒരു ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കളാണ് നമ്മള്‍ വാങ്ങാന്‍ പോകുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ കഴിവ് ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങളുടെ വിയര്‍പ്പ് ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങള്‍ നിര്‍മിച്ച എന്തും സ്വദേശിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.