Woman Kills Partner: ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനെ ചൊല്ലി തർക്കം; പങ്കാളിയെ കുത്തിക്കൊന്ന് യുവതി
Woman Stabs Live in Partner to Death in Gurugram: ഹരീഷിന് വേറെ ഭാര്യയും മക്കളും ഉണ്ട്. ഇവരെ കാണാൻ പോകുന്നതിനെ ചൊല്ലി ഹരീഷുമായി യശ്‍മീത് വഴക്കിടുന്നത് പതിവായിരുന്നു. ശനിയാഴ്ചയും ഇതിന്റെ പേരിലാണ് വഴക്കുണ്ടായത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബലിയവാസ് സ്വദേശിയായ ഹരിഷ് എന്ന 42കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അശോക് വിഹാർ സ്വദേശിയും ഹരിഷിൻ്റെ ലിവ് ഇൻ പങ്കാളിയുമായ യഷ്‌മീത് കൗറിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനെ ചൊല്ലി ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഒരു കൊല്ലത്തിൽ ഏറെയായി ഹരിഷും യഷ്‌മീതും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഹരീഷിന് വേറെ ഭാര്യയും മക്കളും ഉണ്ട്. ഇവരെ കാണാൻ പോകുന്നതിനെ ചൊല്ലി ഹരീഷുമായി യശ്‍മീത് വഴക്കിടുന്നത് പതിവായിരുന്നു. ശനിയാഴ്ചയും ഇതിന്റെ പേരിലാണ് വഴക്കുണ്ടായത്. തർക്കം രൂക്ഷമായതോടെ യഷ്‌മീത് കത്തികൊണ്ട് ഹരീഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം, കുത്തേൽക്കുന്നതിന് തലേദിവസം ഹരിഷ് തന്നെ കാണാൻ വന്നിരുന്നുവെന്ന് ബന്ധുവായ ഭരത് പറഞ്ഞു. ഭരത്തിന്റെ പക്കൽ നിന്നും യുവാവ് ഏഴ് ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തിരുന്നു. വിജയ് എന്നയാളാണ് കാറിലെത്തി ഹരിഷിനെ കൂട്ടിക്കൊണ്ടു പോയതെന്നും തൊട്ടടുത്ത ദിവസം രാവിലെ ഏഴ് മണിയോടെ യഷ്‌മീത് തന്നെ വിളിച്ച് ഹരിഷ് മരിച്ചതായി അറിയിച്ചുവെന്നും ഭരത് കൂട്ടിച്ചേർത്തു.
ALSO READ: കുട്ടികൾക്ക് നൽകിയത് തെരുവുനായ നക്കിയ ഭക്ഷണം; ഛത്തീസ്ഗഡിൽ 78 വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി
സംഭവത്തിൽ അറസ്റ്റിലായ യഷ്‌മീതിനെ പോലീസ് ചോദ്യം ചെയ്ത വരികയാണ്. ഹരിഷിനെ കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹരിഷിനെ കാറിലെത്തി കൂട്ടികൊണ്ടുപോയ വിജയിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഭരത്തിന്റെ പക്കൽ നിന്നും എന്തിനാണ് ഹരിഷ് ഏഴ് ലക്ഷം രൂപ വാങ്ങിയത് എന്നതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.