Perambra Fox Attack: വീട്ടിലെ മുറിയിൽ കിടന്ന 11കാരിക്ക് കുറുക്കന്റെ കടിയേറ്റു; വയോധികനും പരിക്ക്, സംഭവം പേരാമ്പ്രയിൽ
11 Year Old Girl and Man Bitten by Fox: പ്രദേശത്തുള്ള വളർത്തുമൃഗങ്ങളെയും കുറുക്കൻ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുറുക്കന്റെ പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും പിടികൂടാനായില്ല.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തിൽ 11കാരിക്ക് പരിക്ക്. പേരാമ്പ്ര കൽപ്പത്തൂരിൽ ഇന്ന് (ഓഗസ്റ്റ് 12) രാവിലെ എട്ട് മണിയോടെ ആണ് സംഭവം. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷിക്ക് (11) ആണ് കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഒപ്പം, സമീപവാസിയായ കാവുംപൊയിൽ രാജൻ എന്ന 79കാരനെയും കുറുക്കൻ ആക്രമിച്ചു.
വീട്ടിനകത്ത് കട്ടിലിൽ കിടക്കുകയായിരുന്നു സാക്ഷി. കുറുക്കൻ വീട്ടിനുള്ളിൽ കയറിയായിരുന്നു കുട്ടിയെ കടിച്ചത്. ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെയാണ് സമീപവാസിയായ രാജനും കുറുക്കന്റെ കടിയേറ്റത്. കൂടാതെ, പ്രദേശത്തുള്ള വളർത്തുമൃഗങ്ങളെയും കുറുക്കൻ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കുറുക്കന്റെ പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും പിടികൂടാനായില്ല. കടിയേറ്റവരെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: വാൽപ്പാറയിൽ പുലി ആക്രമണം, 8 വയസുകാരന് ദാരുണാന്ത്യം
പുലി ആക്രമണത്തിൽ എട്ട് വയസുകാരന് ദാരുണാന്ത്യം
തൃശൂർ: പുലി ആക്രമണത്തിൽ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിൽ ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് പുലി ആക്രമണത്തിൽ മരിച്ചത്. സഹോദരന് പാൽ വാങ്ങുന്നതിനായി കടയില്‍ പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് പിതാവ് അന്വേഷിച്ച് പോയപ്പോഴാണ് കുട്ടി കൊണ്ടുപോയ പാത്രം കാണാനിടയായത്.
പിന്നീട്, നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏഴ് മണിയോടെയാണ് കുട്ടിയെ തേയിലത്തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഭക്ഷിച്ച നിലയിലായിരുന്നു. എന്നാൽ, പുലിയാണോ ആക്രമിച്ചത് എന്നതിൽ സ്ഥിരീകരണമില്ല. കരടിയാണോ എന്ന സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.