AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasargod Death: കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയില്‍

Kasargod Missing People Found Dead: പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിനടുത്തുള്ള തോട്ടത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.

Kasargod Death: കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയില്‍
പ്രദീപ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 09 Mar 2025 | 12:32 PM

കാസര്‍കോട്: കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തി. പൈവളിഗയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയെയും അയല്‍വാസിയായ 42കാരനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരി, അയല്‍വാസിയായ പ്രദീപ് എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിനടുത്തുള്ള തോട്ടത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപം അക്കേഷ്യ മരത്തിലാണ് ഇരുവരും തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പോലീസ് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും യാതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് (മാര്‍ച്ച് 9) നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഫെബ്രുവരി 12നായിരുന്നു പെണ്‍കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ പരാതിപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ല എന്ന് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 12ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായ അന്ന് തന്നെയാണ് പ്രദീപിനെയും കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപ്.

Also Read: Shanid’s Death: എംഡിഎംഎ വിഴുങ്ങി മരിച്ച സംഭവം; ഷാനിദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയും കാസര്‍കോടിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏക്കറോളം വ്യാപിച്ച് കിടക്കുന്ന തോട്ടത്തിന്റെ ഉള്‍ഭാഗത്ത് പോലീസ് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കാണാതായതിന് 26 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍, കത്തി എന്നിവ പോലീസ് കണ്ടെടുത്തു.