Rajakkad Child Death: കാറിലിരുത്തി ജോലിക്ക് പോയി; തിരിച്ചെത്തിയപ്പോൾ 5 വയസ്സുകാരി മരിച്ച നിലയിൽ
5 Year Old Girl Found Dead in Car: കല്പനയും മാതാപിതാക്കളും തോട്ടം മുതലാളിയുടെ കാറിലാണ് ജോലിസ്ഥലത്ത് എത്തിയത്. കുട്ടിയെ കാറിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു.

പ്രതീകാത്മക ചിത്രം
ഇടുക്കി: അഞ്ച് വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാടിലെ തിങ്കൾക്കാട്ടിലാണ് സംഭവം. അതിഥിത്തൊഴിലാളികളുടെ മകളായ കുലു എന്ന് വിളിപ്പേരുള്ള കല്പന ആണ് മരിച്ചത്. കുട്ടിയെ കാറിൽ ഇരുത്തിയശേഷം അസം സ്വദേശിയായ മാതാപിതാക്കൾ കൃഷിയിടത്തേക്ക് ജോലിക്ക് പോയതായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. കല്പനയും മാതാപിതാക്കളും തോട്ടം മുതലാളിയുടെ കാറിലാണ് ജോലിസ്ഥലത്ത് എത്തിയത്. കുട്ടിയെ കാറിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ കൃഷിയിടത്തിലേക്ക് പോയി. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് ഇവർ ജോലി കഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പന കാറിനുള്ളിൽ ബോധരഹിതയായ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
ഉടൻ തന്നെ ഇതേ വാഹനത്തിൽ കല്പനയെ രാജാക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ വിൻഡോകൾ അടച്ചിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ALSO READ: മദ്യപാനത്തിനിടെ തർക്കം; പിതാവ് മകൻ്റെ കഴുത്തിൽ വെട്ടി, സംഭവം തിരുവനന്തപുരത്ത്
അതേസമയം, ശക്തമായ പനി അനുവഭപ്പെട്ടതിനെ തുടർന്ന് കല്പനയ്ക്ക് മാതാപിതാക്കൾ കഴിഞ്ഞ ദിവസം മരുന്ന് നൽകിയിരുന്നു. ഇതാണോ മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷിക്കും. ഉടുമ്പൻപോല സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.