AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Kalolsavam: ഇനി നാലു നാൾ കലയുടെ മാമാങ്കം, സംസ്ഥാന സ്കൂൾ കലോത്സവത്തിനു നാളെ തുടക്കമാകും

Kerala School Kalolsavam begins tomorow : കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളാകും. പതിനായിരത്തോളം കുട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Kerala School Kalolsavam: ഇനി നാലു നാൾ കലയുടെ മാമാങ്കം, സംസ്ഥാന സ്കൂൾ കലോത്സവത്തിനു നാളെ തുടക്കമാകും
64th School KalothsavamImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 13 Jan 2026 | 03:49 PM

തൃശൂർ: കേരളം കാത്തിരുന്ന കലയുടെ മാമാങ്കത്തിന് നാളെ തൃശൂരിൽ തുടക്കമാകും. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ (ജനുവരി 14) രാവിലെ പത്തിന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കും. ജനുവരി 14 മുതൽ 18 വരെ നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

നാളെ രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തുന്നതോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്പൊലിമ വിളിച്ചോതുന്ന പാണ്ടിമേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Also Read: CPM MLA Aisha Potty: മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു

249 ഇനങ്ങളിലായി പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ‘ഉത്തരവാദിത്വ കലോത്സവം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർത്ഥികളാണ് തീം സോങ് ഒരുക്കിയിരിക്കുന്നത്.

 

സജ്ജീകരണങ്ങൾ

 

പൂക്കളുടെ പേര് നൽകിയിട്ടുള്ള 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. എല്ലാ വേദികളിലും ആംബുലൻസ്, കുടിവെള്ളം, പോലീസ് നിരീക്ഷണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. നഗരത്തിന് ചുറ്റുമുള്ള 20 സ്കൂളുകളിലായി മത്സരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കി.

പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും മേള നടക്കുക. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളാകും. പതിനായിരത്തോളം കുട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു.