Kottarakkara Abandoning Dogs: ലോറി നിറയെ നായ്ക്കൾ; ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
Kottarakkara Stray Dogs Abandoning Case: നായ്ക്കളെ ഉപേക്ഷിക്കുന്ന പറമ്പിലേക്ക് ലോറി പോകാത്തതിനാൽ പെട്ടിഓട്ടോയിൽ കയറ്റിയാണ് കുറെ നായ്ക്കളെ കൊണ്ടുവിട്ടത്. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശാന്തമായത്.
കൊട്ടാരക്കര: ലോറിനിറയെ തെരുവുനായ്ക്കളുമായി എത്തിയ സംഘം പിടിയിൽ. കൊട്ടാരക്കരയിലെ മേലില പഞ്ചായത്തിലെ മാക്കന്നൂർ പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പിൽ നായ്ക്കളെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
നായ്ക്കളെ ഉപേക്ഷിക്കുന്ന പറമ്പിലേക്ക് ലോറി പോകാത്തതിനാൽ പെട്ടിഓട്ടോയിൽ കയറ്റിയാണ് കുറെ നായ്ക്കളെ കൊണ്ടുവിട്ടത്. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശാന്തമായത്. തുറന്നുവിട്ട നായ്ക്കളിൽ കുറേ എണ്ണത്തിനെ ഓടിച്ചിട്ടുപിടിച്ച് തിരകെ ലോറിയിൽ കയറ്റുകയും ചെയ്തു.
മൃഗസ്നേഹികളെന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകളുടെ അഞ്ചംഗ സംഘം അവിടേക്ക് എത്തിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ എറണാകുളം തൃപ്പൂണിത്തുറയിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിച്ച നായ്ക്കളെയാണ് ഇവിടെ എത്തിച്ചതെന്ന് കണ്ടെത്തി. മൂടിക്കെട്ടിയ ലോറിയിലാണ് നായ്ക്കളുമായി എത്തിയത്.
നായ്ക്കളെ തുറന്നുവിടാൻ ശ്രമിച്ച സ്ഥലം 13 ഏക്കറോളം വരും. ഒരു കേസിൽപ്പെട്ട് കാടുകയറി കിടക്കുകയാണ് നിലവിൽ ഈ സ്ഥലം. ആദ്യം കോന്നിയിലേക്കാണ് ഇവയെ കൊണ്ടുപാകാൻ ശ്രമിച്ചതെന്നും ഗൂഗിൾമാപ്പിൽ വഴിതെറ്റിയാണ് ഇവിടേക്ക് എത്തിപ്പെട്ടതെന്നുമാണ് ഇവരുടെ വിശദീകരണം.
ഒരുമാസം മുൻപാണ് ഏഴുവയസ്സുകാരി സമീപ പ്രദേശത്ത് പേവിഷബാധയെ തുടർന്ന് മരിച്ചത്. പ്രദേശത്താകെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് ലോറി നിറയെ നായ്ക്കളുമായി സംഘം എത്തിയിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നായ്ക്കളുമായി എത്തിയവർ തിരികെ മടങ്ങി. ആരുടെപേരിലും കേസെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു.