Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Ahmedabad Air India Plane Crash: ജൂൺ 12ന് നടന്ന വിമാനഅപകടത്തിന് പിന്നാലെ ഡിഎൻഎ പരിശോധനയിലൂടെ ഇന്നലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കാൻ എത്തും.

Ahmedabad Plane Crash, Malayali Nurse Renjitha
തിരുവനന്തപുരം: അഹമ്മദാബാദ് വിമാന അപകടത്തിൽ (Ahmedabad Air India Plane Crash) മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങും. രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിനായി വയ്ക്കും. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കാൻ എത്തും.
പൊതുദർശനം നടക്കുന്ന സ്കൂളിന് പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചു. ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അവധി നൽകിയത്. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ ഒരു മണിക്കൂർ വ്യാപാരികൾ കടകൾ അടച്ചിടും. തുടർന്ന് ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
ജൂൺ 12ന് നടന്ന വിമാനഅപകടത്തിന് പിന്നാലെ ഡിഎൻഎ പരിശോധനയിലൂടെ ഇന്നലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തി തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ജൂലൈയിൽ ജോലിയിൽ പ്രവേശിക്കാനാണ് രഞ്ജിത തീരുമാനിച്ചത്. ലണ്ടനിലെത്തി അവിടയുള്ള ജോലിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു രഞ്ജിതയുടെ അവസാന യാത്രയുടെ ഉദ്ദേശം. പ്രായമായ അമ്മ തുളസിയും രഞ്ജിതയുടെ രണ്ട് ചെറിയ മക്കളും മാത്രമാണ് വീട്ടിലുള്ളത്. ഗോപകുമാരൻ നായർ – തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത.
ഒമാനിൽ നിന്നാണ് രഞ്ജിത ബ്രിട്ടനിലേക്ക് ജോലിക്കായി പോകുന്നത്. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി നേടിയ രഞ്ജിത, ദീർഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. നാട്ടിൽ വീടു പണി നടക്കുകയാണ്. വീട്ടിലേക്ക് കയറി താമസിക്കാൻ തീയതി വരെ നിശ്ചയിച്ചാണ് രഞ്ജിത മടങ്ങിയത്. എന്നാൽ തന്റെ പുതിയ വീട്ടിൽ ഒരു രാത്രി പോലും ഉറങ്ങാൻ സാധാക്കാതെയാണ് രഞ്ജിത വിടവാങ്ങിയത്.