Air India glitch: കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് എഞ്ചിന്‍ തകരാര്‍? റണ്‍വേയില്‍ തെന്നിമാറിയതുപോലെ തോന്നിയെന്ന് ഹൈബി ഈഡന്‍
Air India Cochin Delhi Flight AI 504 unusual glitch: എയര്‍ ഇന്ത്യ 504 വിമാനത്തിന് എഞ്ചിന്‍ തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ട്. റൺവേയിൽ തെന്നിമാറിയതുപോലെ തോന്നിയെന്ന് വിമാനത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍

ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം
കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ 504 വിമാനത്തിന് എഞ്ചിന്‍ തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ട്. റൺവേയിൽ തെന്നിമാറിയതുപോലെ തോന്നിയെന്ന് വിമാനത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമാനത്തില്‍ എന്തോ അസാധാരണമായി തോന്നുന്നുവെന്നും, ഇതുവരെ പറന്നുയര്‍ന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ വിമാനം റദ്ദാക്കിയെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവച്ചു.
എന്നാല്‍ എഞ്ചിന്‍ തകരാര്‍ മൂലമാണ് വിമാനം പുറപ്പെടാത്തതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനം റണ്‍വേയില്‍ തെന്നിമാറിയിട്ടില്ലെന്നാണ് സിയാല്‍ അധികൃതരുടെ വിശദീകരണം. രാത്രി 10.34നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത സമയത്ത് വിമാനം പറന്നുയരാത്തത് യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി.
തുടര്‍ന്ന് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി. ഇന്ന് പുലര്‍ച്ചെ 2.45-ഓടെ ഈ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഹൈബി ഈഡന് പുറമെ എംപിമാരായ ആന്റോ ആന്റണി, ജെബി മേത്തര്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ടേക്ക്-ഓഫ് റൺ നിർത്താൻ കോക്ക്പിറ്റ് ക്രൂ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
നേരത്തെ എംപിമാരായ കെസി വേണുഗോപാല്‍, കെ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം 160-ഓളം പേരുമായി തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയിരുന്നു. ഓഗസ്ത് 11നായിരുന്നു സംഭവം. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അന്ന് വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.