Alappuzha Newborn Death: ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ മരണം; കുഞ്ഞിൻ്റെ മൃതദേഹം കിട്ടി, രണ്ട് പേർ കസ്റ്റഡിയിൽ
Alappuzha Newborn Death Update: സംഭവത്തിൽ അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമെ കൊലപാതകം ആണോ എന്നതിൽ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.
ആലപ്പുഴ: ആലപ്പുഴ (Alappuzha) വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിൻ്റെ (Newborn Death) മൃതദേഹം കണ്ടെത്തി. ആലപ്പുഴ എസ് പി ചൈത്ര തെരേസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. നിലവിൽ കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. അമ്മയുടെ സുഹൃത്തുക്കളായ രണ്ടു പേർ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
സംഭവത്തിൽ അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമെ കൊലപാതകം ആണോ എന്നതിൽ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു. അതിനാൽ കുട്ടിയുടേത് കൊലപാതകമാണോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല.
ഇക്കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കു. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ അവിവാഹിതയായ യുവതി ഓഗസ്റ്റ് ആറിനാണ് കുഞ്ഞിന് ജന്മം നൽകിയത്. ഏഴിനാണ് കുട്ടിയെ കുഴിച്ചു മൂടിയതെന്നാണ് പ്രാധമിക നിഗമനം. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തെ തുടർന്ന് മരിച്ചതാണോ എന്നതിലാണ് ഇനി വ്യക്തത വരുത്തേണ്ടത്. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നു എന്നതാണ് പോലീസിൽ സംശയം ഉളവാക്കിയത്.
ഈ മാസം എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രസവത്തിന് ശേഷമുളള ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞാണ് യുവതി ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിൻ്റെ കാര്യങ്ങൾ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചുവെന്നാണ് മറുപടി നൽകിയത്. പിന്നീട് അവർ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും തുടങ്ങി പരസ്പര വിരുദ്ധമായ മൊഴികളാണ് യുവതി നൽകിയത്. സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻ തന്നെ പൂച്ചാക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി മൊഴിയെടുത്തപ്പൊഴും യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് വിവരങ്ങൾ പുറത്ത് വരുന്നത്. കുഞ്ഞ് മരിച്ചുവെന്നും ഇതേതുടർന്ന് മൃതദേഹം ആൺസുഹൃത്തിനെ ഏൽപ്പിച്ചുവെന്നുമാണ് യുവതി മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെ പോലീസ് പിടികൂടികയായിരുന്നു. അയാളും സുഹൃത്തും കൂടി മൃതദേഹം മറവുചെയ്തുവെന്നാണ് കണ്ടെത്തിയത്.