AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് 24 കാരിക്ക്

Amoebic Meningoencephalitis In Kerala: സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്ക് ആദ്യമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്. വീടിന് സമീപത്തുള്ള കനാലിൽ കുളിച്ചതിനെത്തുടർന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

Amoebic Meningoencephalitis: വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് 24 കാരിക്ക്
Amoebic Meningoencephalitis. Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 12 Aug 2024 11:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്ക് ആദ്യമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്. വീടിന് സമീപത്തുള്ള കനാലിൽ കുളിച്ചതിനെത്തുടർന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

യുവതിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. ഇതിൽ രോ​ഗം സ്ഥിരീകരിച്ച് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മറ്റ് രോ​ഗബാധിതർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂർക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് രോ​ഗം ബാധിച്ച് ചികിത്സൽ കഴിയുന്നത്.

ALSO READ: രാജ്യത്തെ കോവിഡ് വർധനവ്; പരിശോധനകൾ ഫലപ്രദമാക്കണമെന്ന് കേന്ദ്രം, വ്യാപനത്തിന് പിന്നിൽ രണ്ട് വകഭേദങ്ങൾ

അതേസമയം സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 16 പേർക്കാണ് അമീബിക് മസ്തിഷ്‌കജ്വര റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടുപേർ രോഗമുക്തി നേടിയിരുന്നു. കുട്ടികൾ ഉൾപ്പെടെ, കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടുപേർക്കാണ് രോഗബാധയുണ്ടായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽപ്പെട്ടവരായിരുന്നു ഇത്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു, തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം എന്ന് പറയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത പാളിയിലൂടെ മനുഷ്യശരീരത്തിൽ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുന്നത്.

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോൾ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇത് വലയം ചെയ്യുകയും പിന്നീട് അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടർന്ന് നീർക്കെട്ട് രൂപപ്പെടുകയും ഇത് ഗുരുതരമാകുമ്പോൾ ഒടുവിൽ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാൻ ജ്വരം, നിപ പോലുള്ള രോഗങ്ങളിലും രോഗാവസ്ഥ മൂർച്ഛിച്ച് അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.‍‍

ALSO READ: വീണ്ടും ആശങ്കയുണർത്തി കോവിഡ്; അപകടകാരികളായ വകഭേദങ്ങൾ വന്നേക്കാമെന്ന് ലോകാരോ​ഗ്യസംഘടന

രോഗ ലക്ഷണങ്ങൾ

അണുബാധ ഉണ്ടായി ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇവയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

  1. കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക.
  2. കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. ഈ ബാക്ടീരിയ മൂക്കിലൂടെ പ്രവേശിക്കുന്നതിനാൽ നീന്തുമ്പോൾ നോസ് ക്ലിപ് ധരിക്കാൻ ശ്രമിക്കുക.
  3. വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക.
  4. കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാൻ മറക്കരുത്.
  5. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.