Kochi New Bypass: കുണ്ടന്നൂര്‍ ബൈപാസില്‍ പറക്കാം; കൊച്ചി തൊടാതെ ആലപ്പുഴയിലേക്കൊരു യാത്ര
Angamaly–Kundannoor Bypass Nears Completion: യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന അരൂര്‍-തുറവൂര്‍ പാത ഏപ്രില്‍ മാസത്തില്‍ തുറന്നുകൊടുക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ദേശീയപാത 66ന് മുകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ നീളം 12.75 കിലോമീറ്ററാണ്. ഇവിടെ ഗര്‍ഡറുകളും റാംപുകളും സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്.
കൊച്ചി: മധ്യ കേരളത്തിന്റെ ഗതാഗതക്കുരുക്കിന് വിട. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അങ്കമാലി-കുണ്ടന്നൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസിനെ കൊച്ചി ബൈപാസുമായി കൂട്ടിച്ചേര്‍ക്കാന്‍ പോകുകയാണ്. അരൂര്‍ വരെയാണ് പാത ദീര്‍ഘിപ്പിക്കല്‍. അങ്കമാലിയെ നേരിട്ട് അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ നീക്കം. ആകെ 50 കിലോമീറ്ററായാണ് പാതയില്‍ വിപുലീകരണം നടക്കുക.
ഇടപ്പള്ളി-അങ്കമാലി, ഇടപ്പള്ളി-അരൂര്‍ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. എന്നാല്‍ ഈ ഭാഗങ്ങളെ ഒഴിവാക്കി യാത്ര നടത്താന്‍ നിര്‍ദിഷ്ട പാത യാത്രക്കാരെ അനുവദിക്കും. വടക്കന്‍ കേരളത്തില്‍ നിന്നും മറ്റുമുള്ള യാത്രക്കാര്‍ക്ക് കൊച്ചി നഗരത്തെ സ്പര്‍ശിക്കാതെ ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും എലവേറ്റഡ് ഹൈവേ വഴി പോകാനാകും.
ഏപ്രിലില്‍ ഉണ്ടായേക്കില്ല
യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന അരൂര്‍-തുറവൂര്‍ പാത ഏപ്രില്‍ മാസത്തില്‍ തുറന്നുകൊടുക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ദേശീയപാത 66ന് മുകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ നീളം 12.75 കിലോമീറ്ററാണ്. ഇവിടെ ഗര്‍ഡറുകളും റാംപുകളും സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്.
അരൂരില്‍ നിന്ന് തുറവൂര്‍ തെക്ക് വരെ പോകുന്ന ഈ പാത തുറന്നുകൊടുക്കുന്നതോടെ കൊച്ചിയിലേക്ക് പോകുന്നവര്‍ക്കും മറ്റും വലിയ ആശ്വാസമാകും. 2023 ഫെബ്രുവരി ഒന്നിനായിരുന്നു എലവേറ്റഡ് ഹൈവേയുടെ നിര്‍മാണം ആരംഭിച്ചത്. 2026 ജനുവരി 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഡിസൈനില്‍ വരുത്തിയ മാറ്റങ്ങള്‍ പദ്ധതി വൈകിപ്പിച്ചു.
Also Read: Kochi Elevated Highway: കൊച്ചിക്കാര്‍ക്ക് വീണ്ടും നിരാശ; എലവേറ്റഡ് ഹൈവേ ഏപ്രിലിലും തുറക്കില്ല
അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസിനെ ഈ പാതയുമായി കൂട്ടിച്ചേര്‍ക്കുന്നതും ചിലപ്പോള്‍ പദ്ധതി വൈകിപ്പിക്കാന്‍ കാരണമായേക്കാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗ യാത്ര എന്ന സാധ്യതയാണ് ആളുകള്‍ക്ക് മുന്നില്‍ തുറക്കുന്നത്. എന്നാല്‍ പാതയുടെ നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയാകുന്നത് വരെ യാത്രക്കാര്‍ കാത്തിരുന്നേ മതിയാകൂ.