ആശുപത്രിയിൽ രാഷ്ട്രീയം വേണ്ടെന്ന് ആരോഗ്യമന്ത്രി, ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്ന് ഡി.വൈ.എഫ്.ഐ , പോര് മുറുകുന്നു
K. Muraleedharan vs DYFI On Meal Distribution : സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനും ഡിവൈഎഫ്ഐയും തമ്മിൽ പോർമുഖം കനക്കുകയാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട്, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ലെന്നും എന്ത് വില കൊടുത്തും തടയുമെന്നും മന്ത്രി കെ. മുരളീധരൻ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനും ഡിവൈഎഫ്ഐയും തമ്മിൽ പോർമുഖം കനക്കുകയാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട്, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ലെന്നും എന്ത് വില കൊടുത്തും തടയുമെന്നും മന്ത്രി കെ. മുരളീധരൻ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സർക്കാരിന്റെ നയമാണിതെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ആശുപത്രികളിൽ ഭക്ഷണം നൽകാവൂ എന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട സന്നദ്ധ സംഘടനകളും ആയി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മന്ത്രിയുടെ ഈ പ്രതികരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പൊതിച്ചോർ വിതരണം ആര് തടഞ്ഞാലും തുടരുമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. മന്ത്രിക്ക് ധിക്കാരത്തിന്റെ ഭാഷയാണെന്നും പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കാണിച്ചിട്ടില്ല എന്നുമാണ് സനോജ് പറയുന്നത്. പൊതിച്ചോറിന്റെ കാര്യത്തിൽ എന്തിനാണ് സർക്കാരിന് ശത്രുതാ മനോഭാവം എന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിച്ചു. വിഷയത്തിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളുമായി ആരോഗ്യ മന്ത്രി ചർച്ചയ്ക്ക് തയ്യാറാക്കണമെന്നും ഈഗോ ഒഴിവാക്കണം എന്നും റിയാസ് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐയുടെ മാത്രമല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനകളുടെയും പ്രവർത്തനം ആശുപത്രി മതിൽക്കെട്ടിനുള്ളിൽ വേണ്ട എന്നാണ് കേമുരളീധരൻ പറഞ്ഞത്. ആശുപത്രിയുടെ അധികാരം മന്ത്രിക്കാണെന്നും സംഘടനകളുടെ കൊടികെട്ടിയുള്ള ഒരു പ്രവർത്തനവും അവിടെ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്. കൊടിയും ബാനറും വയ്ക്കുന്നതിൽ എന്താണ് പ്രശ്നം എന്നാണ് ഡിവൈഎഫ്ഐയുടെ മറിച്ചുള്ള ചോദ്യം.
പൊതിച്ചോറ് നൽകുന്ന വിഷയത്തിൽ രാഷ്ട്രീയം കാണേണ്ട എന്നാണ് ബിജെപിയുടെയും നിലപാട്. ആശുപത്രികളിൽ പൊതിച്ചോറ് കഴിച്ചവരൊക്കെ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നുവെങ്കിൽ കെ മുരളീധരൻ ഉൾപ്പെടെ പലരും തെരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നില്ലെന്ന് മുതിർന്ന ബിജെപി നേതാവ് കെ സുരേന്ദ്രൻ പരിഹാസര രൂപേണ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത് എന്നും കെ സുരേന്ദ്രൻ ഫെയ്ബുക്കിൽ കുറിച്ചു.
English Summary
A confrontation is intensifying between Health Minister K. Muraleedharan and the DYFI regarding the distribution of packed meals in government hospitals. Earlier, Muraleedharan told the media that political activities would not be permitted inside hospitals and vowed to stop the DYFI’s meal distribution initiative at any cost. The Minister clarified that this is government policy and that the decision mandates that food be provided in hospitals exclusively through community kitchens.