Athulya Satheesh Death Case: ഫോൺ രേഖകളും, മൊഴിയും ശേഖരിക്കും; അന്വേഷണത്തിന് എട്ടംഗ സംഘം
Athulya Satheesh Death Case updates: സതീഷുമായുള്ള ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നെന്നും കുഞ്ഞിനെ കരുതി എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നെന്നും കുടുംബം പറയുന്നു.

Athulya
യുഎഇയിലെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഫോൺ രേഖകളും മൊഴികളും പരിശോധിക്കും. അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ക്രൂരമായി മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സതീഷിനെതിരെ കേസെടുത്തിരിക്കുന്നത്. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
സതീഷുമായുള്ള ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നെന്നും കുഞ്ഞിനെ കരുതി എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നെന്നും കുടുംബം പറയുന്നു. ഷാർജ പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സതീഷും രംഗത്തെത്തിയിരുന്നു. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. താനും ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഷാർജയിലെ മോർച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം നാളെ.