Bird flu Alappuzha: ആലപ്പുഴയിൽ പക്ഷിപ്പനി പിടിമുറുക്കുന്നു… ഇന്നും നാളെയും കള്ളിങ്
Bird Flu Confirmed in Alappuzha: കള്ളിങ്ങ് പൂർത്തിയായ ഇടങ്ങളിൽ (ഇൻഫെക്ടഡ് സോൺ) അടുത്ത മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളർത്താൻ പാടുള്ളതല്ല.
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്ങ്) നടപടികളും വിപണന നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 13,785 വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടിയെയാണ് കള്ളിങ് എന്നു പറയുന്നത്. ഇന്ന് അമ്പലപ്പുഴ നോർിത്തിൽ 3544 പക്ഷികളെയും അമ്പലപ്പുഴ സൗത്തിൽ150 പക്ഷികളെയും ഇന്ന് കൊന്നൊടുക്കും. നാളെ കരുവാറ്റ (6633 പക്ഷികൾ), പള്ളിപ്പാട് (3458 പക്ഷികൾ) എന്നിവിടങ്ങളിലാണ് കള്ളിങ് ഉള്ളത്.
നിരോധന ഉത്തരവുകൾ
രോഗം സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ സർവൈലൻസ് സോണായി പ്രഖ്യാപിച്ചു. ജനുവരി 8 മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ മുൻകരുതൽ സംബന്ധിച്ചുള്ള ചില നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ വിൽപ്പനയും കടത്തലും ഈ സമയത്ത് പാടില്ല. പക്ഷി ഇറച്ചി, മുട്ട, വളം (കാഷ്ഠം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും ഇതിനൊപ്പം നിരോധിച്ചിട്ടുണ്ട്.
കള്ളിങ്ങ് പൂർത്തിയായ ഇടങ്ങളിൽ (ഇൻഫെക്ടഡ് സോൺ) അടുത്ത മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളർത്താൻ പാടുള്ളതല്ല.
നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങൾ
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുത്ത വാർഡുകൾ (ബീച്ച്, കൈതവന, കളർകോട് ഉൾപ്പെടെയുള്ള 13 വാർഡുകൾ), ഹരിപ്പാട്, മാവേലിക്കര മുനിസിപ്പാലിറ്റികൾ എന്നിവയ്ക്ക് പുറമെ താഴെ പറയുന്ന പഞ്ചായത്തുകളിലും നിയന്ത്രണമുണ്ട്.
- അമ്പലപ്പുഴ നോർത്ത് & സൗത്ത്, പുന്നപ്ര നോർത്ത് & സൗത്ത്, പുറക്കാട്.
- കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി.
- എടത്വ, തകഴി, തലവടി, വീയപുരം, പള്ളിപ്പാട്.
- കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, ചേപ്പാട്.
- തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം, പത്തിയൂർ, ചെട്ടികുളങ്ങര.
- ബുധനൂർ, പാണ്ടനാട്, ചെന്നിത്തല.