Body Exhumed After Burial: മരണത്തിൽ അസ്വാഭാവികത; സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി
Body Sent for Post Mortem After Funeral: അസീമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംനയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മരണത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. കോഴിക്കോട് വെള്ളയിലാണ് സംഭവം. കോണാട് സ്വദേശിയായ അസീം എന്ന 40കാരന്റെ മൃതദേഹമാണ് പുറത്തെടുത്തത്. അസീമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംനയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
ആർഡിഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് നടപടി. തലച്ചോറിലെ ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകൾ ഒന്നും ഇല്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. സെപ്റ്റംബർ ആറിനാണ് അസീം മരിച്ചത്. തോപ്പയിൽ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്നാണ് അസീമിന്റെ മൃതദേഹം പുറത്തെടുത്ത്. റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
അസീമിൻറെ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. സെപ്റ്റംബർ അഞ്ചിന് രാത്രി മദ്യപിച്ച് അവശനായ നിലയിലാണ് അസീം വീട്ടിലെത്തിയത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അസീമിനെ അടുത്ത ദിവസം രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പോസ്റ്റുമോർട്ടം നടത്താതെയാണ് തോപ്പയിൽ ഖബർസ്ഥാനിൽ ഖബർ അടക്കിയത്.
ALSO READ: വേടന്റെ ഷോ കാണാനെത്തി, വീട്ടമ്മയുടെ കൈ ഒടിച്ചു; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ റിമാൻഡിൽ
ഇതോടെയാണ് അസീമിന്റെ ഭാര്യയും ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ച് ആർഡിഒയ്ക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താൻ ആർഡിഒ ഉത്തരവിട്ടു. അസീമിന്റെ നെഞ്ചിലും വലതുകൈയ്യിലും മുഖത്തും പാടുകൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ എത്തിയപ്പോൾ കണ്ണ് തുറക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അസീമെന്നും മർദ്ദനത്തിന് ഇരയായതായി സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യാൻ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചത്.