Jail DIG MK Vinod Kumar: ടിപി വധക്കേസ് പ്രതികളുടെ പരോളിന് കൈക്കൂലി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ ഉടൻ
Jail DIG MK Vinod Kumar to be suspended soon: വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജിയെ ഉടൻ സസ്പെൻഡ് ചെയ്തേക്കും. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലി വാങ്ങിയതിനും വിജിലൻസ് ഇയാളുടെ പേരിൽ കേസെടുക്കുമെന്നാണ് വിവരം
തിരുവനന്തപുരം: ജയിൽ ആസ്ഥാന ഡിഐജി എംകെ വിനോദ് കുമാറിനെതിരെ ഗുരുത കണ്ടെത്തലുകളുമായി വിജിലൻസ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. പ്രതികളായ കൊടിസുനിക്കും, അണ്ണൻ സിജിത്തിനും വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായം നൽകാനായി കൈക്കൂലി വാങ്ങിയിരുന്നു.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജിയെ ഉടൻ സസ്പെൻഡ് ചെയ്തേക്കും. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലി വാങ്ങിയതിനും വിജിലൻസ് ഇയാളുടെ പേരിൽ കേസെടുക്കുമെന്നാണ് വിവരം.
ശമ്പളത്തിനു പുറമേ ഒരു മാസം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 35 ലക്ഷം രൂപയാണ് എത്തിയത്. ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയും. കൂടാതെ, മയക്കുമരുന്ന് കേസിലെ പ്രതികൾക്കും സഹായം ചെയ്യാറുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ALSO READ: എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണത്തില്‍ ഇന്ന് തീരുമാനമുണ്ടാകും
കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയുമാണ് ഗൂഗിൾപേ വഴി ജയിൽ ഡിഐജിക്ക് കൈമാറിയത്. നേരിട്ട് വാങ്ങുന്നതിന് പകരം പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തിൽ എട്ട് തടവുകാരിൽനിന്ന് പണം കൈപ്പറ്റിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ജയിൽ സൂപ്രണ്ടായിരുന്ന കാലം മുതൽ ഇയാൾക്ക് ഇത്തരം ഇടപാടുകളുണ്ടായിരുന്നതായും വിജിലൻസ് സംശയിക്കുന്നു. റിമാൻഡ് തടവുകാർ ജയിലിലേക്കെത്തുമ്പോൾ ഉള്ളിൽ സൗകര്യങ്ങളൊരുക്കാൻ നിശ്ചിത തുക വാങ്ങിയിരുന്നതായും വിവരമുണ്ട്. വിരമിക്കാൻ നാലുമാസം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.