Cargo In Arabian Sea: അപകടത്തില്‍പെട്ടത് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട കപ്പല്‍, അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍
Hazardous Cargo Arabian Sea: ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. സംശയാസ്പദമായ വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണം. 112 എന്ന നമ്പറിലും വിളിക്കാം

തിരുവനന്തപുരം: കപ്പല്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പോയഎ എംഎസ്‌സി എല്‍സ 3 എന്ന കാര്‍ഗോ ഷിപ്പാണ് അപകടത്തില്‍പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ രക്ഷിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ലൈബീരിയന്‍ പതാകയുള്ള കപ്പലാണിത്. കൊച്ചിയില്‍ നിന്ന് തൂത്തുക്കുടിക്ക് പോകേണ്ട കപ്പലാണ് ഇത്. കാര്‍ഗോ ഷിപ്പ് ചരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചത്. സംഭവത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. സംശയാസ്പദമായ വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണം. 112 എന്ന നമ്പറിലും വിളിക്കാം.
കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ എന്താണെന്ന് വ്യക്തമല്ല. സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍, മറൈന്‍ ഗ്യാസ് ഓയില്‍ തുടങ്ങിയവയാണ് ഇതിനുള്ളിലതെന്നാണ് പ്രാഥമിക സൂചന. ഇത് എങ്ങനെയാണ് കടലില്‍ വീണതെന്നും വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭ്യമാകുന്നതേയുള്ളൂ. കേരള തീരത്ത് എണ്ണ അടിയാനുള്ള സാധ്യതയുമുണ്ട്.
തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. എട്ട് കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് റിപ്പോര്‍ട്ട്. ചില തീരപ്രദേശങ്ങളില്‍ എണ്ണപ്പാട വന്നടിയാനും സാധ്യതയുണ്ട്. കാര്‍ഗോ കണ്ടെത്തിയാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജില്ലാ കളക്ടര്‍മാര്‍ക്കടക്കം നിര്‍ദ്ദേശം നല്‍കി. കണ്ടെയ്‌നറുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഭാഗത്തേക്ക് കോസ്റ്റ് ഗാര്‍ഡ് പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാന തീരത്തിന്റെ 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടെയ്‌നറുകള്‍ കണ്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.