Census 2027: കേരളത്തിൽ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരം
State Census Operations Begin Today: സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുന്നത്. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷനുള്ള സമയം.
തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യങ്ങളും ഇന്ന് മുതൽ ലഭ്യമാകും. se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷനുള്ള സമയം. സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് സെൻസസ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലും പൂർത്തിയാക്കിയ ശേഷം, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും രണ്ടാം ഘട്ടമായുള്ള യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നടക്കുന്നത്.
സെൻസസ് രണ്ട് ഘട്ടങ്ങളിൽ
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ വീടുപട്ടിക ബ്ലോക്കിലെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാം. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുന്നത്. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമല്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐഎസ് വ്യക്തമാക്കി.
ജൂലൈ ഒന്ന് മുതൽ മുപ്പത് വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർസനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം നിങ്ങൾ മുമ്പ് സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറുക.
ALSO READ: എ. പത്മകുമാറിനെതിരെ നടപടി, സസ്പെൻഡ് ചെയ്ത് സിപിഎം
സെൽഫ് എന്യൂമറേഷൻ എങ്ങനെ?
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സെൽഫ് എന്യൂമറേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. 15 ദിവസത്തേക്കാണ് അവസരമുണ്ടാകുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.
- മൊബൈൽ ഫോണിൽ https://se.census.gov.in/ എന്ന പോർട്ടലിൽ പ്രവേശിക്കുക.
- മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് വീടിന്റെ ലോക്കേഷൻ കൃത്യമായി അടയാളപ്പെടുത്തുക.
- സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി വിവരങ്ങൾ നൽകുക.
- ഇതിന് ശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ഫോം ലഭിക്കും.
- ഇത് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക.
- മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ മെസേജായി ലഭിക്കും.
- ഭാവി ആവശ്യങ്ങൾക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്ന് മാത്രമേ പോർട്ടലിൽ പ്രവേശിക്കാനും വിവരങ്ങൾ പൂരിപ്പിക്കാനും സാധിക്കുകയുള്ളൂ. വാടകയ്ക്ക് താമസിക്കുന്നവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിച്ച് നൽകേണ്ടത്.
English Summary:
Kerala has officially launched its Census 2027 operations, with the self-enumeration facility becoming available online from June 16 to June 30. For the first time, residents can complete census details digitally through a secure web portal before enumerators visit their homes.