Kerala Onam Ration: ഓണക്കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
Kerala Onam Special Ration: ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കാർഡുടമകൾക്ക് മുൻപുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡ് ഉടമകൾക്കും അഞ്ച് കിലോഗ്രാം അരി വീധം അധികമായി നൽകണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം.
നിലവിലുള്ള സംവിധാനത്തിൽ മാറ്റംവരുത്തി, കേരളത്തിന്റെ മാത്രം ആവശ്യം പ്രത്യേകം പരിഗണിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കാർഡുടമകൾക്ക് മുൻപുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ലെന്നാണ് വിവരം.
അതേസമയം, ഒക്ടോബറിൽ സംസ്ഥാനത്ത് നടക്കുന്ന പൊതുഭരണവകുപ്പിന്റെ 60–ാം വാർഷികാഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രഹ്ലാദ് ജോഷി ഉറപ്പുനൽകിയതായി ജി ആർ അനിൽ അറിയിച്ചു. അതേസമയം കേന്ദ്രത്തിൽനിന്ന് കൂടിയ വിലയ്ക്ക് അരിവാങ്ങുന്ന കാര്യം സർക്കാർ ആലോചിച്ച് തീരുമാനിക്കുമെന്നും, ഓണവിപണിയിൽ അരിവില പിടിച്ചുനിർത്താനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കേരളത്തിൻ്റെ മറ്റൊരു ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ–പോസ് മെഷീന്റെ സാങ്കേതിക നവീകരണത്തിനുള്ള സമയപരിധി നീട്ടിണമെന്ന ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. അതിനിടെ കേരളത്തിന് 5676 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നു. മണ്ണെണ്ണ ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കുകയും ചെയ്തതാണ്. എന്നാൽ ഇത് സെപ്റ്റംബർ 30 വരെ നീട്ടിനൽകണമെന്ന ആവശ്യവും കേന്ദ്ര പെട്രോളിയം മന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.