Cherthala Women Missing Case: ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും, ചേർത്തലയിൽ ഉത്തരം കണ്ടെത്താൻ പൊലീസ്
Cherthala Women Missing Case: സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതിനുള്ളിൽ ഡിഎൻഎ ഫലം ലഭിച്ചാൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കൂടുതൽ സഹായകരമാകും.

Cherthala Case
ആലപ്പുഴ: ചേർത്തലയിലെ തിരോധാന കേസുകളിൽ ഉത്തരം കണ്ടെത്താൻ പൊലീസ്. പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച അസ്ഥിക്കഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. സെബാസ്റ്റ്യൻ ചോദ്യങ്ങളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ പരിശോധനഫലം അന്വേഷണത്തിന് നിർണായകമാകും.
കഴിഞ്ഞമാസം 28നാണ് ജൈനമ്മ തിരോധാന കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സെബാസ്റ്റ്യനുമായി വീട്ടിലെത്തി പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് രക്തക്കറയും പുരയിടത്ത് നിന്ന് തലയോട്ടിയും തുടയെല്ലും പല്ലുകളും ഉൾപ്പെടെ മൃതദേഹാവിഷ്ടങ്ങളും കണ്ടെത്തി. കൂടാതെ കത്തിക്കരിഞ്ഞ 8 അസ്ഥിക്കഷ്ണങ്ങളും കിട്ടിയിരുന്നു.
ALSO READ: നാല് സ്ത്രീകൾ, അസ്ഥിക്കഷ്ണങ്ങൾ, രക്തം പുരണ്ട വസ്ത്രങ്ങൾ; ചേർത്തലയിൽ സംഭവിച്ചത് ?
വീടിന് പുറക് വശത്തെ കുളം വറ്റിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ ബാഗും ഷാൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. വീട്ടുവളപ്പിലെ മരത്തിൽ കൊന്ത കൊളുത്തിക്കിടക്കുന്ന നിലയിലായിരുന്നു.
അതേസമയം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതിനുള്ളിൽ ഡിഎൻഎ ഫലം ലഭിച്ചാൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കൂടുതൽ സഹായകരമാകും. ജെയ്നമ്മയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഭാര്യയുമായി ഏറ്റുമാനൂരിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ ജെയ്നമ്മയുമായി അടുപ്പത്തിലായത്. നാല് വർഷത്തിലധികം പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ജൈനമ്മയെ കാണാതായത് 2024 ഡിസംബറിലാണ്. അതിനാൽ നാല് വർഷം പഴക്കമുള്ള അസ്ഥി ആരുടേതാണെന്ന സംശയം ഇപ്പോഴും തുടരുകയാണ്.