Chilvannoor Bund Bridge: താമസമില്ല, ദാ വന്നു; കൊച്ചി ചിലവന്നൂര്‍ ബണ്ട് പാലം ഉടന്‍ തുറക്കും
Chilavannoor Bund Road Bridge in Kochi Nears Completion: സ്പാനുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിരുന്നു. 2023 ന്റെ അവസാനത്തോടെയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പദ്ധതിയുടെ നിര്‍മാണച്ചുമതല നല്‍കിയത്. 20 മാസമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്.
കാത്തിരുന്ന്…കാത്തിരുന്ന്…ഏയ് ഇനി കാത്തിരിപ്പില്ല. കൊച്ചി ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. നിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍ പാലം തുറന്നുകൊടുക്കുമെന്നാണ് വിവരം. 90 മീറ്റര്‍ സെന്‍ട്രല്‍ സ്റ്റീല്‍ സ്പാന്‍ വന്നതിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായിരിക്കുകയാണ്. കൊച്ചിയില്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്പാനാണ് ബണ്ട് റോഡിലുള്ളത്.
സ്പാനുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിരുന്നു. 2023 ന്റെ അവസാനത്തോടെയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പദ്ധതിയുടെ നിര്‍മാണച്ചുമതല നല്‍കിയത്. 20 മാസമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്.
എന്നാല്‍ പാലം നിര്‍മാണം വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. പാലത്തിന്റെ രൂപകല്‍പ്പനയും മറ്റ് തടസങ്ങളും നിര്‍മാണത്തിന് മുന്നില്‍ വെല്ലുവിളിയായി നിന്നു. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും ആശങ്ക ഉന്നയിച്ചിരുന്നു. പൊതുജനങ്ങളുടെ എതിര്‍പ്പുകള്‍ പരിഹരിക്കാനായി ചര്‍ച്ചകളും മറ്റും നടത്തേണ്ടതായും വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് സര്‍വ്വേ നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മഴയും വില്ലനായി
കനത്ത മഴയും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. മഴ കാരണം സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യാര്‍ഡിലെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. കൂടാതെ സെന്‍ട്രല്‍ സ്പാന്‍ നിര്‍മാണത്തിലും അത് കൊണ്ടുവരാനും കാലതാമസമുണ്ടാക്കുകയും ചെയ്തു. നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്പാന്‍ പാലം പണി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. സ്പാനിന്റെ ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ നടന്നുവരികയാണ്.
പാലം എന്ന് തുറക്കും?
എല്ലാ ജോലികളും തീര്‍ത്ത് 2026 മെയ് മാസത്തോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് വിവരം. ഇതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. നിലവില്‍ പദ്ധതിക്ക് മുന്നില്‍ തടസങ്ങളൊന്നും തന്നെയില്ല. കാലാവസ്ഥ അനുകൂലമായാല്‍ മെയില്‍ തന്നെ പാലം തുറക്കും.
Also Read: Kochi-Theni Highway: ആ പാത ഉണ്ടാകില്ല; കൊച്ചിയുടെ സ്വപ്‌നങ്ങള്‍ കണ്ണീരിലാണ്ടു
എന്നാല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ തന്നെ ഇരുചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പാത താത്കാലികമായി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാനും, താമസക്കാര്‍ ഉന്നയിച്ച സുരക്ഷാ ആശങ്കകളും കാരണം നിര്‍മാണം നടക്കുന്ന സ്ഥലത്തിലൂടെ വാഹനങ്ങള്‍ പോകരുതെന്ന് നിര്‍ദേശിച്ച് റോഡ് അടച്ചു. നിര്‍മാണം പൂര്‍ത്തിയാകും വരെ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാനാകില്ല.
പാലം ഏതുവഴി പോകുന്നു?
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തൈക്കൂടത്തിനടുത്തുള്ള എന്‍എച്ച്, ബൈപാസിനെ പനമ്പിള്ളി നഗറുമായി ബന്ധിപ്പിക്കും. ഇതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്ക് ഒരു ബദല്‍ ഇടനാഴിയും രൂപപ്പെടും.
വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പാത സഹായിക്കുമെന്നും പ്രതീക്ഷയുണ്ട്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുറമെ ചിലവന്നൂര്‍ കനാലിനെ പുനരുജ്ജീവിപ്പിക്കാനും പദ്ധതി സഹായിക്കും. കനാല്‍ വൃത്തിയാക്കല്‍, വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ഡ്രെഡ്ജിങ്, തടയണകള്‍ ശക്തിപ്പെടുത്തല്‍, കനാല്‍ ഭാഗത്തെ അടിസ്ഥാന പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.