Train Tickets-fraud: ക്രിസ്മസ് അവധിക്കാലം: ടിക്കറ്റുകൾ കിട്ടാനില്ല, ക്രമക്കേട് സംശയിച്ച് യാത്രക്കാർ
Christmas Train Ticket Booking: അതിവേഗം ടിക്കറ്റുകൾ ബുക്ക്ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യാജ ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തി. ഇതിനുമുൻപ് ഒരിക്കലും രണ്ടുമിനിറ്റിൽ ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു.

പ്രതീകാത്മക ചിത്രം
ചെന്നൈ: ക്രിസ്മസ് അവധിക്ക് നാട്ടിലെത്താനുള്ള മോഹം തുലാസിൽ. ക്രിസ്മസ് വരാൻ ഒരു മാസത്തിന് മുകളിലുണ്ടായിട്ടും ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയുമായി യാത്രക്കാർ. ഐആർസിടിസി വെബ്സൈറ്റിൽ 24-ന് നാട്ടിലെത്താനായി ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പലർക്കും വെയ്റ്റിങ് ലിസ്റ്റിലാണ് ടിക്കറ്റ് ലഭിച്ചതെന്നും മറ്റുചിലർക്ക് റിഗ്രെറ്റ് എന്ന സന്ദേശമാണ് ലഭിച്ചതെന്നും യാത്രക്കാർ ആരോപിക്കുന്നു. ടിക്കറ്റ് ബുക്കിങ്ങിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും യാത്രക്കാർ സംശയിക്കുന്നു.
വെയ്റ്റിങ് ലിസ്റ്റിലടക്കം 120-ാമത്തെ ടിക്കറ്റാണ് ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ചെന്നൈ സെൻട്രൽ-ആലപ്പി എക്സ്‌പ്രസിൽ തൃശ്ശൂരിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. റിസർവേഷൻ തുടങ്ങി 2.48 മിനിറ്റിനുള്ളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണുണ്ടായതെന്നും യാത്രക്കാരൻ ആരോപിക്കുന്നു.
കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും റിഗ്രെറ്റ് സന്ദേശമാണ് ലഭിച്ചതെന്നും പരാതിയുണ്ട്. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്‌പ്രസ് എന്നീ ട്രെയിനുകളിലാണ് നിലവിൽ ടിക്കറ്റുകൾ കിട്ടാനില്ലാത്തത്.
Also Read: പുതിയ ട്രെയിൻ വരുന്നു… ഫാസ്റ്റാകും ഇനി ബെംഗളൂരു – മുംബൈ യാത്ര
വ്യാജ ട്രാവൽ ഏജൻസികളാണോ ഇതിന് പിന്നില്ലെന്നും അരോപണം ഉയരുന്നുണ്ട്. അതിവേഗം ടിക്കറ്റുകൾ ബുക്ക്ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യാജ ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തി. ഇതിനുമുൻപ് ഒരിക്കലും രണ്ടുമിനിറ്റിൽ ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു.
റെയിൽവേ കൗണ്ടറുകളിൽ നേരിട്ട് ടിക്കിറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്കും ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. അതേസമയം, ട്രാവൽ ഏജൻസികളെ സമീപിച്ച പലർക്കും ടിക്കറ്റ് ലഭിച്ചതോടെയാണ് യാത്രക്കാർക്കിടയിൽ സംശയം ഉടലെടുത്തത്. അങ്ങനെയെങ്കിൽ ഐആർസിടിസിയുടെ വെബ്സൈറ്റ് വഴി ബുക്ക്ചെയ്യാൻ ശ്രമിച്ചവർക്ക് എന്തുകൊണ്ട് ടിക്കറ്റ് ലഭിച്ചില്ല എന്നതിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ടിക്കറ്റ് ബുക്കിമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിഹരിക്കാൻ റെയിൽവേ നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്നാൽ ഇപ്പോഴും ഇത് തുടരുന്നതായാണ് യാത്രക്കാർ കുറ്റപ്പെടുത്തുന്നത്. ബുക്കിങ് ആരംഭിച്ച് ഉടൻ തന്നെ ടിക്കറ്റ് തീർന്നുപോകുന്ന സാഹചര്യം ഇതാദ്യമായല്ല ഉണ്ടാകുന്നത്.