CITU National Strike: മെയ് 20 ന് പ്രഖ്യാപിച്ചിരുന്ന ദേശീയ പണിമുടക്ക് മാറ്റി
CITU National Strike: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ട്രേഡ് യൂണിയന്റെ പ്രതിഷേധം. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും കേന്ദ്രസർക്കാർ പിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.

പ്രതീകാത്മക ചിത്രം
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മെയ് ഇരുപതിന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റിവെച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജൂലൈ ഒമ്പതിലേക്ക് പണിമുടക്ക് മാറ്റിയതായി സിഐടിയു പ്രസ്താവന ഇറക്കി. പകരം മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും.
ഇപിഎഫ് പെന്‍ഷന്‍ 9,000 രൂപയാക്കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് – ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ട്രേഡ് യൂണിയന്റെ പ്രതിഷേധം. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും കേന്ദ്രസർക്കാർ പിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.