Congress Protest: പയ്യന്നൂരിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസുകാർക്ക് നേരെ സിപിഎം ആക്രമണം
Congress Protest Turns Violent in Kannur: മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

Congress Protest
കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധത്തിനു നേരെ സിപിഎം അതിക്രമം. രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന് ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണൻ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മധുസൂദനൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധം. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
പ്രകടനം പയ്യന്നൂരിലെത്തിയതോടെ പ്രദേശത്ത് തമ്പടിച്ച സിപിഎം പ്രവർത്തകർ പ്രതിഷേധത്തിനിടയിലേക്ക് കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മർദനമേറ്റത്. മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
ആക്രമണത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ പ്രതിഷേധവും സിപിഎം തടഞ്ഞു. കൊടി പിടിച്ചു വാങ്ങി. കഴിഞ്ഞ ദിവസമാണ് വി.കുഞ്ഞിക്കൃഷ്ണൻ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നുവാണ് ആരോപണം.