CPM Branch Conference: പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ട; എംവി ഗോവിന്ദന്റെ നാടായ മൊറാഴയിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി
CPM Branch Conference: ചരിത്രത്തിലാദ്യമായാണ് മൊറാഴയിൽ സിപിഎം ബ്രാഞ്ച് സമ്മേളനം മുടങ്ങുന്നത്. സ്ത്രീകൾ അടക്കമുള്ള ബ്രാഞ്ച് മെമ്പർ സമ്മേളനം ബഹിഷ്കരിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. 14 മെമ്പർമാരാണ് ബ്രാഞ്ച് കമ്മിറ്റിയിൽ ഉള്ളത്.
കണ്ണൂർ: വിഭാഗീയതയിൽ കുലുങ്ങി കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നാട്ടിലെ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. അംഗനവാടി ജീവനക്കാരെ സ്ഥലം മാറ്റിയതിലെ നേതൃത്വവുമായുള്ള തർക്കമാണ് സമ്മേളനം നിർത്തിവെക്കാൻ കാരണം. വാർഡ് കൗൺസിലർ പോലും അറിയാതെ ചിലരുടെ താത്പര്യം നടപ്പാക്കി എന്നതായിരുന്നു ആക്ഷേപം.
രാവിലെ 10 മണിക്ക് ആരംഭിക്കേണ്ട സമ്മേളനത്തിനായി ഉദ്ഘാടകനായ ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ എത്തിയെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ പേരും വിട്ടുനിന്നു. മൂന്ന് മണിക്കൂറോളമാണ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ കാത്ത് ഏരിയ കമ്മിറ്റി അംഗം കാത്ത് നിന്നത്.
പ്രശ്നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാട് കടുപ്പിച്ചതോടെ സമ്മേളനം മാറ്റിവെക്കുകയായിരുന്നു. 14 അംഗങ്ങളാണ് സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്. ചരിത്രത്തിലാദ്യമായാണ് പാർട്ടി ശക്തികേന്ദ്രമായ മൊറാഴയിൽ സമ്മേളനം മുടങ്ങുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ പി.വി അൻവർ ഉയർത്തിയ ആരോപണങ്ങൾ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളുടെ പ്രധാന അജണ്ടയായി. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്തണമെന്നും പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നുമാണ് പ്രതിനിധികളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും സമ്മേളനങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യം.
പൊലീസിനെ കെട്ടഴിച്ചുവിട്ടിരിക്കുകയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യമാണെന്നും താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകരോടും ജനങ്ങളോടുമുള്ള പൊലീസിന്റെ പെരുമാറ്റ രീതിയും ബ്രാഞ്ച് സമ്മേളനങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നുവെങ്കിൽ സിപിഎം തകരില്ലായിരുന്നുവെന്ന അഭിപ്രായവും ബ്രാഞ്ച് സമ്മേളനത്തിൽ ശക്തമാണ്.
സിപിഎം ദുർബലമാണെന്ന് സമ്മേളനനടത്തിപ്പുമായി ബന്ധപ്പെട്ട മാർഗരേഖയിൽ പറയുന്നുണ്ട്. പാർട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകൾ ദുർബലാവസ്ഥയിലാണെന്നും രാഷ്ട്രീയ ധാരണയുള്ളവരെ ബ്രാഞ്ച് സെക്രട്ടറിമാരാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തിൽ വേണ്ടതെന്നും നിർദേശമുണ്ട്. സഹകരണബാങ്കിലെ ജീവനക്കാരെയും അഭിഭാഷകരെയും സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും പാർട്ടിയുടെ ബ്രാഞ്ച്, ഏരിയാ സെക്രട്ടറിമാരാകരുതെന്ന നിര്‍ദേശങ്ങളും രേഖയിലുണ്ട്. ആലപ്പുഴയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.
സെപ്റ്റംബർ ഒന്നിനാണ് ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. 35,000 ബ്രാഞ്ചുകളിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് തുടക്കമായ സെപ്റ്റംബർ ഒന്നിനാണ് പിവി അൻവർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.