Pushpan: പുഷ്പന്‍ ഇനി ഹൃദയങ്ങളില്‍; സഖാവ് പുഷ്പന്‍ അന്തരിച്ചു
CPM Leader Pushpan Passed Away: ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുഷ്പനെ പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിനിടിയെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുഷ്പന്‍ (Pushpan) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കിടപ്പിന് ഒടുവിലാണ് പുഷ്പന്‍ വിടവാങ്ങിയത്. 54ാമത്തെ വയസിലാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുഷ്പനെ പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ നടന്ന ഡിവൈഎഫ്‌ഐ സമരത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിലാണ് പുഷ്പന് അപകടം സംഭവിച്ചത്. തന്റെ ഇരുപത്തിനാലാം വയസില്‍ കിടിപ്പിലായ പുഷ്പന്‍ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി കൂടിയായിരുന്നു. അന്നത്തെ സഹകരണമന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെയായിരുന്നു പോലീസ് വെടിവെപ്പ്.
കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി സാബു, ഷിബുലാല്‍ എന്നീ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്നത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. പുഷ്പന്‍ ഉള്‍പ്പെടെ ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം പുറത്താക്കിയ എംവി രാഘവന്‍ യുഡിഎഫില്‍ ചേര്‍ന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ണൂരില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പാര്‍ട്ടി.
വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കാണാന്‍ തലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്. ഡിവൈഎഫ്‌ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.
കൂത്തുപറമ്പ് വെടിവെപ്പ്
1991ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കെ കരുണാകരന്‍ മന്ത്രിസഭ അധികാരത്തിലെത്തി. ഈ കാലഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ ഉദാരവത്കരണ നയക്കിന് അനുസരിച്ചുകൊണ്ട് കേരളത്തിലും നയങ്ങള്‍ മാറ്റി തുടങ്ങിയത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ എംവി രാഘവനും കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച് 1993ലാണ് എംവി രാഘവന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിനെ സ്വകാര്യ സ്ഥാപനമാക്കുന്നതിനായുള്ള നീക്കങ്ങള്‍ എംവി രാഘവന്‍ ആരംഭിച്ചിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപിച്ചത്. ഇതിനതെിര ഡിവൈഎഫ്ഐ സമരം പ്രഖ്യാപിച്ചു. അങ്ങനെ 1994ല്‍ നവംബര്‍ 25ന് കൂത്തുപറമ്പ് സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യുന്നതിനായി എംവി രാഘവന്‍ എത്തി. ഈ സമയം സമരത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനായെത്തി.
മന്ത്രിയെ തടയാനടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കെകെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നീ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. പുഷ്പന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ എംവി രാഘവന്റെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു.