Rahul mamkoottam: സ്ത്രീകളെ ശല്യം ചെയ്തതിനു രാഹുൽ മാങ്കുട്ടത്തിനെതിരേ കേസെടുത്തു, പരാതി ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ
ആരോപണം ഉന്നയിച്ച സ്ത്രീകളിൽ നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം : ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികൾ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ആരോപണം ഉന്നയിച്ച സ്ത്രീകളിൽ നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമ നടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയർന്നിരുന്നത്. ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നത് ഉൾപ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ വിഭാഗം കേസെടുക്കാനാണ് സാധ്യത.
രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും, ഇത്തരമൊരാൾ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.
പൊതുസമൂഹം ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.