Dr Harris: അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും
Dr. Harris Return to Work: കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കൽ ലീവിലായിരുന്നു ഡോ ഹാരിസ്. ഇതിനിടെയിൽ അവധി നീട്ടുമെന്ന് സുചന ലഭിച്ചിരുന്നെങ്കിലും ഇന്ന് തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനാണ് തീരുമാനം.

Dr. Ch Haris
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അവധിയിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കൽ ലീവിലായിരുന്നു ഡോ ഹാരിസ്. ഇതിനിടെയിൽ അവധി നീട്ടുമെന്ന് സുചന ലഭിച്ചിരുന്നെങ്കിലും ഇന്ന് തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധിച്ചത് വലിയ വിവാദമായിരുന്നു. ഇവിടെ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഒരു ബോക്സ് കണ്ടെത്തിയതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് സുനിൽ കുമാറും പ്രിൻസിപ്പൽ പി.കെ. ജബ്ബാറും നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ വാദം പൊളിയുകയായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി ഹാരിസ് തന്നെ വിശദീകരണം നൽകി. റിപ്പയർ ചെയ്യാനായി അയച്ച് തിരികെ കൊണ്ടുവന്ന നെഫ്രോസ്കോപ്പ് ആണ് മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നതെന്നും റിപ്പയർ ചെയ്യാനുള്ള പണം ഇല്ലാത്തതിനാൽ ഉപകരണം തിരികെ ആവശ്യപ്പെടുകയായിരുന്നുവെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
ഇക്കാര്യം റിപ്പയർ ചെയ്യാനായി നൽകിയ കടയുടെ ഉടമയും സമ്മതിക്കുന്നു. ഹാരിസിനു പിന്തുണയുമായി കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ തിങ്കളാഴ്ച ഡിഎംഇയുടെ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം തന്നെ വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം ഹാരിസ് പറഞ്ഞിരുന്നു. തന്റെ ഓഫീസ് മുറിയിൽ കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ടിട്ടു പൂട്ടിയെന്നും അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചു. കെജിഎംസിടിഎ ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ ഹാരീസ് ഉന്നയിച്ചിരുന്നു.