EP Jayarajan: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ നീക്കി
ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ടിപി രാമകൃഷ്ണനാണ് ചുമതല നൽകുക. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. തുടർന്ന് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം നടപടിയെടുത്തത്. എന്നാൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും.
ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാൻ നിൽക്കാതെ ഇപി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. ഇതോടെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുതുടങ്ങി. ഇന്ന് കണ്ണൂരിലെ വസതിയിലെത്തിയ ഇപി മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.
ലോക്സഭ തിരഞ്ഞെടുപ്പു ദിവസം താൻ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ഇപി ജയരാജൻ തുറന്നുപറഞ്ഞിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യം വെളിപ്പെടുത്തയത്. എന്നാൽ ഇക്കാര്യം ആദ്യം ഇപി നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവച്ചത്. സംഭവത്തിൽ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. ആളെപ്പറ്റിക്കാൻ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെടുകയും ചെയ്തു. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദനും ശരിവച്ചതോടെ പാർട്ടിക്ക് അകത്ത് പരസ്യമായ എതിർപ്പായിരുന്നു ഇപിക്കുണ്ടായത്.