Ebola Outbreak: എബോള ഭീഷണി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ കർശന ജാഗ്രത; ഐസൊലേഷൻ വാർഡുകൾ സജ്ജം
Ebola Threat High alert at Kochi: പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ ഏർപ്പെടുത്തുന്നതിനു തീരുമാനം ഉണ്ട്. ഒപ്പം യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ കർശനമായി പരിശോധിക്കും. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും. രാജ്യാന്തര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം.

Ebola Threat, High alert at Kochi
തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം ശക്തമാകുകയും ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ അതീവ ജാഗ്രത. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അടിയന്തര യോഗങ്ങൾ ചേർന്നു. സംസ്ഥാന സർക്കാർ ഉടൻ തന്നെ ഇതുസംബന്ധിച്ച ആരോഗ്യ മാർഗനിർദേശങ്ങൾ (Guidelines) പുറപ്പെടുവിക്കും.
വിമാനത്താവളങ്ങളിൽ 24 മണിക്കൂർ നിരീക്ഷണം
രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ (CIAL) 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ സിയാൽ ഡയറക്ടർ മനു ജി, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പ്രധാന പ്രതിരോധ നടപടികൾ
പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ ഏർപ്പെടുത്തുന്നതിനു തീരുമാനം ഉണ്ട്. ഒപ്പം യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ കർശനമായി പരിശോധിക്കും. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും. രാജ്യാന്തര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം.
Also Read – Kochi Metro: നാളെ രാവിലെ 7 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. മഴക്കാല സുരക്ഷ ഉറപ്പാക്കി കെഎംആർഎൽ
തിരുവനന്തപുരം വിമാനത്താവളത്തിലും കേന്ദ്ര നിർദേശപ്രകാരം സ്ക്രീനിങ് ആരംഭിക്കും. വിദേശത്തുനിന്നു വരുന്ന രോഗലക്ഷണങ്ങൾ ഉള്ളവർക്കായി ഐസൊലേഷൻ സംവിധാനം ഒരുക്കാൻ ജില്ലാ ഓഫീസർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ചികിത്സയോ വാക്സിനോ ഇല്ല; ആശങ്കയായി ‘ബുണ്ടിബുഗ്യോ’ വകഭേദം
എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) എന്ന വകഭേദത്തിനാണ് ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ജാഗ്രതാ നിർദേശമുള്ളത്. ഈ വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് ആശങ്ക വർധിപ്പിക്കുന്നു.
രോഗപ്പകർച്ചയും ലക്ഷണങ്ങളും
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീരദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇതിന്റെ ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയ ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണിക്കുക. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണ്.
ഐസൊലേഷൻ വാർഡുകൾ സജ്ജം
എറണാകുളം ജില്ലയിൽ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ത്രി-ലെയർ മാസ്ക് ഉപയോഗിക്കുക, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ അധികൃതർ നിർദേശിച്ചു.
English Summary
Following the WHO’s declaration of a global health emergency, Kerala airports have launched 24/7 thermal screening and travel history checks for international passengers, focusing on those arriving from high-risk African nations like Congo and Uganda. Isolation wards have been set up at major government hospitals in Ernakulam, while health authorities urge the public to follow strict personal hygiene measures against the highly fatal Bundibugyo Ebola strain, which currently lacks a vaccine or specific treatment.