Education Bandh: യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ് ഇന്ന്; പരീക്ഷകളെ ഒഴിവാക്കി
Education bandh in Kerala: യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ശാസ്ത്രമേളകള്‍, കലോത്സവങ്ങള്‍, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ വിദ്യാഭ്യാസ ബന്ദ് ബാധിക്കില്ലെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടക്കും. സര്‍വകലാശാല, പൊതുപരീക്ഷകളെ ബന്ദില്‍ നിന്ന് ഒഴിവാക്കി. ശാസ്ത്രമേളകള്‍, കലോത്സവങ്ങള്‍, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെയും വിദ്യാഭ്യാസ ബന്ദ് ബാധിക്കില്ലെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും, കോളേജുകളിലും നേതാക്കള്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ബന്ദ് മൂലം വിദ്യാലയങ്ങള്‍ക്ക് അവധിയൊന്നും ലഭിക്കില്ല. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശക്തമായ സ്ഥലങ്ങളില്‍ പഠിപ്പുമുടക്കിന് സാധ്യതയുണ്ട്. ഇന്ന് വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ റാലി സംഘടിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
യുഡിഎഫ് നേതാക്കള്‍ പ്രതിഷേധ പരിപാടികളുടെ ഭാഗമാകും. എബിവിപിയും, എസ്എഫ്‌ഐയും ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രതിഷേധത്തിന്റെ ഭാഗമാകാമെന്നും, എഐഎസ്എഫ് ഉള്‍പ്പെടെയുള്ളവയെ ക്ഷണിക്കുകയാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സമരങ്ങള്‍ അടുത്ത തലങ്ങളിലെത്തിക്കും. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ദേശീയ പാത ഉപരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള രീതിയിലാണ് പിഎം ശ്രീ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞു.
Also Read: Education Bandh: ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്, സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടമാണ് വിദ്യാഭ്യാസ ബന്ദ്. കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിഎം ശ്രീക്കെതിരെ കാമ്പയിന്‍ നടത്തും. സംസ്ഥാനത്തിന്റെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിതെന്നും എംഎസ്എഫ് നേതാവ് പറഞ്ഞു.
ഇടതുമുന്നണിയില്‍ പൊട്ടിത്തെറി
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷം. സിപിഐയാണ് മുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ സമ്മേളനത്തില്‍ നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ദേശീയ സെക്രട്ടറി എം എ ബേബി എന്നിവര്‍ നടത്തിയ അനുനയനീക്കം പാളി.