Perumbalam Bridge: ഒരു നാടിന്റെ യാത്രാ സ്വപ്നം പൂവണിയുന്നു; വേമ്പനാട്ട് കായലിലെ ഏറ്റവും നീളം കൂടിയ പാലം തുറക്കാന്‍ ഇനി ഒന്നര മാസം മാത്രം
Perumbalam Bridge Construction Updates: പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നമായ വേമ്പനാട് കായലിന് കുറുകെയുള്ള പാലം 2026 ഫെബ്രുവരി പകുതിയോടെ തുറക്കുമെന്ന് റിപ്പോര്‍ട്ട്. പെയിന്റിംഗും, വടുതല ഭാഗത്തെ അപ്രോച്ച് റോഡും ഏതാണ്ട് പൂര്‍ത്തിയായി
കൊച്ചി: പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നമായ വേമ്പനാട് കായലിന് കുറുകെയുള്ള പാലം 2026 ഫെബ്രുവരി പകുതിയോടെ തുറക്കുമെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന്റെ നിർമ്മാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായി. പെരുമ്പളം, വടുതല വശങ്ങളിലെ അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയായെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
പാലത്തിന്റെ പെയിന്റിംഗും, വടുതല ഭാഗത്തെ അപ്രോച്ച് റോഡും ഏതാണ്ട് പൂര്‍ത്തിയായി. പെരുമ്പലം ഭാഗത്തെ പണി 90 ശതമാനത്തോളം പൂര്‍ത്തിയായി. ഒന്നര മാസത്തിനുള്ളിൽ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലം തുറന്നുകഴിഞ്ഞാൽ, കെഎസ്ആർടിസി പെരുമ്പളത്തേക്ക് ബസ് സർവീസുകൾ ആരംഭിക്കും. ദ്വീപിൽ നിന്ന് സർവീസ് നടത്തുന്ന ഹ്രസ്വദൂര ബസുകൾ ന്യൂ സൗത്ത് ജെട്ടിയിൽ സര്‍വീസ് അവസാനിപ്പിക്കും. ദീർഘദൂര സർവീസുകൾക്ക് പാലത്തിന് സമീപം സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പെരുമ്പളം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ പാലം. പാലം തുറക്കുന്നതോടെ ദ്വീപ് നിവാസികളുടെ യാത്രാ ക്ലേശത്തിന് അറുതിയാകും. നിലവില്‍ ദ്വീപ് നിവാസികള്‍ വളരെയേറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ബോട്ട് സര്‍വീസുകളും മറ്റും ആശ്രയിച്ചാണ് ഇവരുടെ യാത്ര. രാത്രി സമയങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
പാലം തുറക്കുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ക്കൊക്കെ പരിഹാരമാകും. പാലത്തിന് 1,157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇരുവശത്തുമുള്ള ഫുട്പാത്തുകളുടെ വീതി 1.5 മീറ്റർ ആയിരിക്കും. അപ്രോച്ച് റോഡുകളുടെ ആകെ നീളം 650 മീറ്ററായിരിക്കും. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തില്‍ ഇടയ്ക്ക് മഴ മൂലം പ്രതിസന്ധി നേരിട്ടിരുന്നു. ഇരുവശങ്ങളിലും ഏകദേശം 300 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്.
കിഫ്ബിയിൽ 100 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പെരുമ്പളം പാലത്തിന്റെ പണി നടത്തുന്നത്. പെരുമ്പളം ദ്വീപിനെയും വട്ടവയൽ ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.