Raila Odinga: മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ അന്തരിച്ചു; മരണം കൂത്താട്ടുകുളത്ത് വച്ച്
Raila Odinga Passes Away: കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ അന്തരിച്ചു. കേരളത്തില്‍ വച്ചായിരുന്നു അന്ത്യം. കൂത്താട്ടുകുളത്തെ ശ്രീധരിയം നേത്രാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു. ഒരാഴ്ച മുമ്പാണ് കേരളത്തിലെത്തിയത്. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു

റെയ്‌ല ഒഡിംഗ
കൊച്ചി: കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ (80) അന്തരിച്ചു. കേരളത്തില്‍ വച്ചായിരുന്നു അന്ത്യം. കൂത്താട്ടുകുളത്തെ ശ്രീധരിയം നേത്രാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു. ഒരാഴ്ച മുമ്പാണ് കേരളത്തിലെത്തിയത്. ഇന്ന് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ഒഡിംഗയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 9.52-ഓടെ മരിക്കുകയായിരുന്നു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലാണ് നിലവില്‍ മൃതദേഹമുള്ളത്.
മകള്‍ക്കൊപ്പമാണ് ഒഡിംഗ കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തിയത്. കാഴ്ചക്കുറവുണ്ടായിരുന്ന ഒഡിംഗയുടെ മകള്‍ക്ക് നേരത്തെ ശ്രീധരിയത്തിലെ ചികിത്സയെ തുടര്‍ന്ന് കാഴ്ച കിട്ടിയിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് മകളുടെ ചികിത്സയ്ക്കായി ഒഡിംഗ ആദ്യം കേരളത്തിലെത്തുന്നത്.
മൃതദേഹം എംബാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെയും ന്യൂഡൽഹിയിലെ കെനിയൻ എംബസിയുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു. 1992 മുതൽ 2013 വരെ എംപിയായി സേവനമനുഷ്ഠിച്ചു. ദീർഘകാലം പ്രതിപക്ഷ നേതാവായിരുന്നു.
ആധുനിക കെനിയന്‍ ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ഒഡിംഗയുടെ പ്രസംഗങ്ങള്‍ പ്രസിദ്ധമായിരുന്നു. പരിഷ്‌കാരങ്ങള്‍ വേണ്ടി പ്രവര്‍ത്തിച്ച നേതാവ് എന്ന നിലയിലാണ് അറിയപ്പെട്ടത്. ഓറഞ്ച് ഡെമോക്രാറ്റിക്മൂവ്‌മെന്റിന്റെ നേതാവായിരുന്നു.
അഞ്ച് തവണ കെനിയയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. തുടര്‍ന്ന് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു. 1945 ജനുവരി 7 ന് നാൻസാ പ്രവിശ്യയിലെ കിസുമു ജില്ലയിലെ മസെനോയിലുള്ള ആംഗ്ലിക്കൻ ചർച്ച് മിഷനറി സൊസൈറ്റി ഹോസ്പിറ്റലിലാണ് റൈല ഒഡിംഗ ജനിച്ചത്.
കെനിയയുടെ ആദ്യത്തെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ജറാമോഗി ഒഡിംഗ. 1973 ൽ റെയ്‌ല ഒഡിംഗ ഭാര്യ ഇഡയെ വിവാഹം കഴിച്ചു. ഒഡിംഗ-ഇഡ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.