Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
Kadakampally Surendran Questioned in Sabarimala Gold Theft Case: ദേവസ്വം ബോര്‍ഡ് എടുക്കുന്ന എല്ലാ കാര്യവും മന്ത്രി അറിയാറില്ലെന്നും സ്വര്‍ണം പൂശല്‍ നടപടിയില്‍ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മൊഴി നല്‍കി. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമലയില്‍ വച്ചാണ് പരിചയമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റെ പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തതെന്നാണ് വിവരം.രണ്ട് മണിക്കൂർ നേരം ചോദ്യം ചെയ്യൽ നീണ്ടുനിന്നുവെന്നാണ് വിവരം.
മറ്റുള്ളവരുടെ മൊഴിയെടുത്ത ശേഷം ആവശ്യമുണ്ടെങ്കിൽ കടകംപള്ളിയെ വീണ്ടും വിളിപ്പിക്കുമെന്നാണ് എസ്ഐടിയുടെ നിലപാട്. എസ്ഐടിക്ക് മുന്നിലെത്തിയെന്ന വാര്‍ത്ത കടകംപള്ളിയും സ്ഥിരീകരിച്ചു. സംഭവസമയത്തെ മന്ത്രിയെന്ന നിലയിൽ തനിക്ക് പറയാനുള്ളത് എസ്ഐടിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേവസ്വം ബോര്‍ഡ് എടുക്കുന്ന എല്ലാ കാര്യവും മന്ത്രി അറിയാറില്ലെന്നും സ്വര്‍ണം പൂശല്‍ നടപടിയില്‍ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മൊഴി നല്‍കി.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമലയില്‍ വച്ചാണ് പരിചയമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. പല വഴിപാടുകളുടെയും സ്പോണ്‍സര്‍ എന്ന പരിചയമാണ് ഉള്ളതെന്നും അതിനപ്പുറം പോറ്റിയുമായി ഇടപാടൊന്നുമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.
Also Read:ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
കേസുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. സംഭവസമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
അതേസമയം ശബരിമല സ്വർണക്കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എ പത്മകുമാറിന്റെയും ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി ജയിലില്‍ കഴിയുന്നു എന്ന് പത്മകുമാര്‍ കോടതിയെ അറിയിച്ചു. ജാമ്യം തള്ളിയ കോടതി ഹർജികൾ പരിഗണിക്കുന്നത് അവധിക്ക് ശേഷം മാത്രമെന്നും അറിയിച്ചു.